*അങ്ങനെ ഒരു അവധി കാലത്ത്*


"മലയാളി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു" എന്ന പ്രസ്താവന എന്നെ സംബന്ധിച്ചിടത്തോളം ശുദ്ധ അസംബന്ധമാണ്, കാരണം  ഒരു മലയാളി എന്ന നിലയിൽ ഞാൻ മികച്ച ഒരു അഹങ്കാരിയാണ് ഇത്തരത്തിൽ എന്നെ അഹങ്കാരിയാക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട് തെയ്യവും തിറയും ഉത്സവങ്ങളും പെരുന്നാളും എന്തിന് പറയുന്നു നാടനും ശാസ്ത്രീയവുമായ കലകൾ ആയോധന മുറകൾ ഓണം വിഷു അങ്ങിനെ അങ്ങിനെ അങ്ങിനെ ജാതിമത ഭേദമില്ലത്ത ആഘോഷങ്ങൾ ഇവയൊക്കെ ഓരോ മലായാളിയെയും അഹങ്കാരിയാക്കും ഒരു വലിയ അഹങ്കാരി..
                   ഇനി ഇപ്പറഞ്ഞ അഹങ്കാരത്തിന് മാറ്റ് കൂട്ടുന്ന മറ്റൊരു സംഗതി കൂടി ഉണ്ട് നമ്മുടെ മാത്രം രുചി പെരുമ 
   - പാചകത്തിന് നോബൽ സമ്മാനം ഏർപ്പെടുത്താതിരുന്നത് കേരളത്തിന് വലിയൊരു നഷ്ടമായിപ്പോയി എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട് .. പേറ്റന്റ് എടുക്കാത്ത സങ്കീർണവും പോഷക സമൃദ്ധവുമായ എത്ര എത്ര വിഭവങ്ങളാണ്  ഇവിടുത്തെ കാലവറകളിൽ ഉരുതിരിഞ്ഞിട്ടുള്ളത്... വരത്തൻ വിഭവങ്ങൾ എത്ര തന്നെ വന്നാലും നമ്മുടെ രുചിപരമ്പര്യത്തിന് മുന്നിൽ മുട്ടുകുത്തുക തന്നെ ചെയ്യും.
                ഭൂമി ശാസ്ത്രപരമായി ഉഷണമേഖല പ്രദേശത്ത് ഭൂമധ്യരേഖയോട് മിനിമം സാമൂഹ്യ അകലം പോലും പാലിക്കാതെ കിടക്കുന്ന കേരളത്തിന് ഉഷ്ണകാലം അടങ്ങി ഇരിക്കാനുള്ളതല്ല മറിച്ച് ആഘോഷങ്ങളുടെ കാലമാണ് വേനലവധി പോലും ഉഷ്ണത്തിന്റെ ക്ഷീണവുമായല്ല ആവേശത്തിന്റെ ആരവവുമായാണ് കടന്നുവരാറ്. 
                വേനലവധിയെ പ്രീയപ്പെട്ടതാക്കുന്നത് വേനലിന്റെ വരവറിയിച്ചുകൊണ്ട് മാസങ്ങൾക്ക് മുൻപ് പൂത്ത മാവുകളിൽ തൂങ്ങിയാടുന്ന മാങ്ങകളും , ഔദ്യോഗിക പദവിയുടെ അഹങ്കാരമൊന്നുമില്ലാതെ  വേണമെങ്കിൽവേരിൽ വരെ കായ്ച്ചോളാമേ എന്നമട്ടിൽ പ്ലാവിന്റെ അടിമുതൽ മുടിവരെ പലവലിപ്പത്തിൽ കായ്ചുനിൽക്കുന്ന ചക്കകളുമാണ്..
                ചക്ക ഒരു അസാധാരണ ഫലമാണ് ...രൂപത്തിലും ഭാവത്തിലും ഭയങ്കരനാണെങ്കിലും ഇടിച്ചക്ക(ഈ മഹാന് പ്രാദേശികമായി നമ്മൾ ചക്കപ്പൂതൽ എന്നാണ് ഊമനപേരിട്ടിരിക്കുന്നത്) പരുവം മുതൽ നാവിൽ കപ്പലോടിക്കാവുന്ന രുചിവൈവിധ്യങ്ങൾ തീർക്കാൻ ഈ മഹാന് പ്രത്യേക കഴിവാണ്.
                വൈകുന്നേരങ്ങളിൽ വട്ടയിലയിലോ വാഴയിലയോ വിളമ്പുന്ന ചക്കപ്പുഴുക്കും വെളുത്തുള്ളി,കാന്താരി,ഉപ്പ് ഇവ പാകത്തിന് ചേർത്ത് ചതച്ച് ഉണ്ടാക്കുന്ന ചമ്മന്തിയും ഒക്കെ ആവുമ്പോൾ സംഭവം കുശാൽ.
                ഇനിയിത് പഴുത്താലോ രസമുകുളങ്ങൾ താനേ ഉത്തേജിച്ച് ഓവർഫ്ലോ കാരണം ചുണ്ടിന്റെ വശങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന ഉമിനീർ തുടക്കാനേ നേരം കാണു, അത്തരത്തിൽ ആ പ്രദേശം മുഴുവൻ സുഗന്ധം പരത്തും ഈ മഹാൻ..(ഇനി മഴക്കാലമായാൽ വഴിവക്കിലും പറമ്പുകളിലും വീണ് പൊട്ടിചിതറി ചീഞ്ഞളിഞ്ഞ് കിടക്കുന്ന ചക്കപഴങ്ങൾ അറപ്പുളവാക്കുമെങ്കിലും ഒരിത്തിരി നേരത്തെ കായ്ച്ചിരുന്നെങ്കിൽ നിനക്ക് ഈ അവസ്‌ഥ ഉണ്ടാവില്ലായിരുന്നല്ലോ ചക്കേ എന്ന് സഹതപിക്കാനെ എനിക്ക് കഴിയാറുള്ളൂ)
                 മാങ്ങയുടെ കാര്യം മറിച്ചല്ല പലതരം മാവിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ നാട് ( തിന്നുന്ന ശൈലി കൊണ്ട് പ്രാദേശികമായി പലപല പേരുകളിൽ അറിയപ്പെടുമെങ്കിലും അശ്ലീല ദ്വയാർത്ഥ സാധ്യത കണക്കിലെടുത്ത് ആ പേരുകൾ ഇവിടെ പറയുന്നില്ല) 
                 പഴുത്ത മാങ്ങയുടെ രുചിയേകുറിച്ച് വാചാലനാവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല കാരണം ഇവിടെ താരം പച്ചമങ്ങയാണ്....
                 ഇടത്തരം മൂത്ത പച്ചമാങ്ങ ദീർഘചതുരാകൃതിയിലോ സമചതുരകൃതിയിലോ ഇനി ആകൃതി ഒന്നും ഇല്ലാതെയോ മുറിച്ച് ഉപ്പും മുളകുപൊടിയും ഇത്തിരി വെളിച്ചെണ്ണയും പുരട്ടി വാഴയിലയിൽ ഇട്ട് വട്ടത്തിൽ ഇരുന്ന് തിന്നുന്നതിന്റെ രസം പറഞ്ഞറിയിക്കാൻ പറ്റില്ല കാരണം രുചിയേക്കാൾ ഉപരി അതൊരു വികാരമാണ്... അവസാനം വാഴയിലയിൽ അവശേഷിക്കുന്ന ഉപ്പും മുളകും വെളിച്ചെണ്ണയും ചേർന്ന മസാല മങ്ങാണ്ടിയിൽ അങ്ങിങ്ങായി അവശേഷിക്കുന്ന മാംസളഭാഗത്ത് പുരട്ടി പുളിയും ഉപ്പും എരിവും ഒക്കെച്ചേർന്ന രുചി ഉണ്ടല്ലോ അതിന്റെ അലയൊലികൾ മുഖത്ത് കാണാം നവരസങ്ങൾക്കും അപ്പുറം പത്താമത്തെതോ പതിനൊന്നാമത്തെതോ എക്സ്പ്രഷൻ മുഖത്ത് വിടരും ഒരു കണ്ണടച്ചു ചുണ്ട്കോട്ടി പുരികങ്ങൾ വളച്ച്... ഓ ഓർക്കുമ്പോൾ തന്നെ പല്ല് പുളിക്കുന്നു ....അണ്ടിയോട് അടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ എന്ന പഴഞ്ചൊല്ല് ഇവിടെ അർത്ഥവത്താവുന്നു.
                 അങ്ങിനെ ഒരവധികാലത്ത് നാട്ടിലെ മാവുകൾ നമ്മളോട് എന്തോ പ്രതികാരം ചെയും പോലെ മാങ്ങ കായ്ക്കുന്ന കാര്യത്തിൽ വല്ലാണ്ടങ്ങ് പിശുക്ക് കാണിച്ചു.. എങ്ങിനെ കാണിക്കാതിരിക്കും അമ്മാതിരി ഏറ് ആയിരുന്നല്ലോ മാവുകൾക്കിട്ടു നമ്മൾ എറിഞ്ഞോണ്ടിരുന്നത്.. മാങ്ങ തിന്നാൻ വേണ്ടി ആ പ്രാവശ്യം കയറിയിറങ്ങാത്ത പറമ്പുകൾ ഇല്ല..
                 അങ്ങിനെ മാംഗോഹണ്ടിങ് തകൃതിയായി നടക്കുമ്പോഴാണ് വയലിന്റെ അപ്പുറത്തെകരയ്ക്കുള്ള നാരാണെട്ടന്റെ പറമ്പിന്റെ തെക്കേമൂലക്കുള്ള മാവിന്റെ വടക്കേ കൊമ്പിൽ നാല് മാങ്ങ സ്പോട്ട് ചെയ്യുന്നത് . പിന്നെ ഒട്ടും വൈകിയില്ല ആരുടെയെങ്കിലും ഒരാളുടെ ഏറിൽ മാങ്ങ നിലം പതിക്കാതിരിക്കില്ലെന്ന ഉറപ്പിൽ കയ്യിൽ കിട്ടിയ ചെറുതും വലുതും ആയ കല്ലുകൾ കൊണ്ട് അറഞ്ചം പുറഞ്ചം എറിഞ്ഞു മാങ്ങ നാലും വീണെങ്കിലും . കുനിഞ്ഞുനിന്ന് പശുവിന് വെള്ളം കൊടുത്തൊണ്ടിരുന്ന നാരാണേട്ടന്റെ സഹധർമ്മിണി കല്യാണി അമ്മയുടെ ചന്തിക്ക് തന്നെ ഗുരുത്വാകർഷണ നിയമം പാലിച്ചു താഴേക്ക് കുതിച്ച കല്ല്  വന്നു പതിച്ചു.. "ഉയ്യോ....." എന്ന അലർച്ച കേട്ടപ്പോൾ തന്നെ നമ്മൾ ചിതറിയോടി അപ്പഴും വീണ നാലുമാങ്ങായും എടുക്കാൻ നമ്മൾ മറന്നിരുന്നില്ല ഏത് പ്രതിസന്ധി ഘട്ടത്തിലും മാങ്ങ കൈവിടാൻ നമ്മൾ തയ്യാറായിരുന്നില്ല...
                 അന്ന് നമ്മൾ ഓടിയ വഴിക്ക് പുല്ലു മുളച്ചോ എന്ന് നോക്കാൻ കൂടി പിന്നെ ആവഴിക്ക് പോയിട്ടില്ല.... 
                 എറിഞ്ഞത് ആരാണെന്നുള്ളതിന് സാക്ഷി ഇല്ലാത്തതിനാലും കല്ലിലെ ഫിംഗർപ്രിന്റ് വ്യക്തമല്ലാത്തതിനാലും ആ കേസ് പിന്നീട് തേഞ്ഞു മാഞ്ഞു പോയി...
                 സ്നേഹത്തിന്റെ നിറകുടമായിരുന്ന കല്യാണി അമ്മയോട് ഒരു സോറി പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വെറുതെ ചെന്ന് വഴക്ക് ഇരന്നു വാങ്ങേണ്ട എന്ന കാരണത്താൽ ആ ആഗ്രഹം അങ്ങു മറന്നു.... 
         
കുൽസിത കുമാരൻ

Comments

Popular posts from this blog

മുണ്ട് മാഹാത്മ്യം....

ലിംഗപുരാണം ഒന്നാം അധ്യായം