മിസ്സ്‌ കാൾ..


1973 ലാണ് മാർട്ടിൻ കൂപ്പർ മൊബൈൽ ഫോൺ കണ്ടു പിടിച്ചതെങ്കിലും നമ്മുടെ നാട്ടിൽ സർവ്വ സാധാരണമായത് രണ്ടായിരത്തിനു ശേഷമാണ് അല്ലേ..? (അല്ലേ എന്ന് ചോദിക്കാൻ കാരണം എനിക്ക് അത് കൃത്യമായി അറിയാത്തതുകൊണ്ടാണ് )
          പിന്നീട് അങ്ങോട്ട് പല പല തട്ടിപ്പുകൾക്കും പ്രാങ്ക്കൾക്കും ഒക്കെ മൊബൈൽ ഫോൺ സാക്ഷിയായിട്ടുണ്ട്. ഉദാഹരണങ്ങൾ ഞാൻ പറയേണ്ട അവശ്യമില്ലല്ലോ. സംഭവങ്ങൾ പലതും എല്ലാവർക്കും സുപരിചിതമാണല്ലോ.... ല്ലേ 
      ഇനി സംഭവത്തിലേക്ക്........  ഇതൊരു കുറ്റസമ്മതവും മാപ്പ് പറച്ചിലും ആണ്. 
    വേനലവധി ഞങ്ങൾക്ക് എന്നും സംഭവബഹുലമാണ്. അമ്മവീട്ടിലെ ഞങ്ങളുടെ ഒത്തു ചേരൽ എന്നും പലർക്കും ഒരു തലവേദന ആയിരുന്നു. 
               കഥാപാത്രങ്ങൾ എല്ലാം തന്നെ ഇന്ന് ജീവിച്ചിരിപ്പുള്ളത് കൊണ്ടും സംഭവത്തിന്റെ സത്യാവസ്ഥ പലരും അറിയേണ്ടത് കൊണ്ടും പേരുകൾ ഞാനിവിടെ സത്യസന്ധമായി പറയുന്നു. മാമന്റെ മക്കളായ സനിതേച്ചിയും സജിഷേച്ചിയും മേമയുടെ മോൾ വിഷ്ണുപ്രിയയും ( ഇവൾക്ക് അന്ന് മൂന്നോ നാലോ വയസ്സേ കാണു അത് കൊണ്ട് തന്നെ സംഭവം അവൾക്ക് ഓർമ ഉണ്ടാകില്ല പക്ഷെ കഥയിൽ ഒരു പ്രധാന പങ്ക് ഇവൾക്ക് ഉണ്ട് )പിന്നെ ഞാനും 
         അന്ന് ഒരു ഞായറാഴ്ച ആയിരുന്നു മിക്കവാറും എല്ലാവരും വീട്ടിൽ ഉള്ള ദിവസം. രാവിലത്തെ കുരുത്തക്കേടുകൾ കഴിഞ്ഞ് ഊണും കഴിച്ച് രാവിലെ പെറുക്കി കൂട്ടിയ പഴുത്ത മാങ്ങകൾ ഉപ്പും പറങ്കിപൊടിയും (മുളക്പൊടി എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല. )ചേർത്ത് തിന്നുമ്പോഴാണ് എന്റെ മനസ്സിൽ വിചിത്രമായ ഒരു ലഡ്ഡു പൊട്ടിയത് (ഐഡിയ ഇന്ന് ഫ്രഷ് അല്ലെങ്കിൽ അന്ന് അത് ഫ്രഷ് ആയിരുന്നു )
  -വീട്ടിലെ ലാൻഡ്‌ലൈനിൽ നിന്നും ഏതെങ്കിലും നമ്പറിലേക്ക് മിസ്സ്‌ കാൾ ചെയ്യുക തിരിച്ചു വിളിക്കുമ്പോൾ ഇത് ഫോൺ ബൂത്ത്‌ ആണെന്നും വിളിച്ചത് ആരെന്നു അറിയില്ലെന്നും പറഞ്ഞു പറ്റിക്കുക-
         വളരെ പെട്ടന്ന് തന്നെ ഐഡിയ അപ്രൂവ് ആയി. ഉച്ചയൂണ് കഴിഞ്ഞു എല്ലാവരും ഒന്ന് മയങ്ങുന്ന സമയം നമ്മൾ ലാൻഡ്‌ലൈനിന്റെ അടുത്ത് എത്തി. പക്ഷെ ഏത് നമ്പറിലേക്ക് വിളിക്കും. മൊബൈൽ നമ്പറിൽ പത്തക്കങ്ങൾ ഉണ്ടാകും എന്ന് മാത്രം അറിയാം... വിളിക്കാൻ ഒരു നമ്പർ വേണം..ഉപായവും ഞാൻ തന്നെ കണ്ടെത്തി. അന്ന് ആകെ മനഃപാഠമായിരുന്ന അച്ഛന്റെമൊബൈൽ നമ്പറിലെ അക്കങ്ങളിൽ മാറ്റങ്ങൾ വരുത്തി ഡയൽ ചെയ്തു.. ഒരുതവണ മിസ്സ്‌ കാൾ ചെയ്യാൻ ഉദ്ദേശിച്ചഞാൻ ഫോൺ നമ്പർ നിലവിലുള്ളതായിരുന്ന സന്തോഷത്തിൽ രണ്ടു മൂന്നു തവണ ആവർത്തിച്ചു. പക്ഷെ വിചാരിച്ചപോലെ ആരും തിരിച്ചു വിളിച്ചില്ല. നിരാശയോടെ നമ്മൾ വീണ്ടും പതിവ് കൊള്ളസങ്കേതമായ മച്ചിൻമേലേക്ക് പോയി.. 
       പക്ഷെ കാര്യങ്ങൾ തകിടം മറിഞ്ഞത് പെട്ടെന്ന് ആയിരുന്നു. 
       പുള്ളി തിരിച്ചു വിളിച്ചു... (നമ്മൾ വിളിച്ചത് ഏതോ ഒരു ഡ്രൈവറെ ആയിരുന്നു അയാളുടെ ഡ്രൈവിങ്ങിന് ഇടയിലായിരുന്നു നമ്മളുടെ ഫോൺ ശല്യം.... )കഥകൾ ഒന്നും അറിയാതെ ഉച്ചയുറക്കത്തിലായിരുന്ന സരീഷേട്ടനായിരുന്നു ഫോൺ എടുത്തത് "ആരും അങ്ങൊട്ട് വിളിച്ചില്ല റോങ് നമ്പർ" എന്നും പറഞ്ഞതും നല്ല മലയാളഭാഷ വശമുണ്ടായിരുന്ന പുള്ളി അറിയാവുന്ന മലയാളപദങ്ങൾ എല്ലാം ചേർത്ത് നല്ല നാല് വർത്താനം പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു. 
          ഏട്ടൻ നേരെ വന്നത് കൊള്ളസങ്കേതത്തിലേക്ക് ആയിരുന്നു "ആരെടാ ഫോൺ എടുത്തുകളിച്ചത് " ഒറ്റ ചോദ്യം.. "ആ..  നമ്മക്കറിയില്ല " എന്ന് തെല്ലും വൈകാതെ സ്വതസിദ്ധമായ എന്റെ അഭിനയപാടവം കൊണ്ടും തന്മയത്ത്വമായി പറഞ്ഞെങ്കിലും. ദേ വരുന്നു അശരീരി കൂട്ടത്തിൽ ചെറുത് "ഞാലല്ല ഇവരാ...... " (അന്ന് ഒറ്റിക്കൊടുത്തെങ്കിലും ഇന്ന് എന്റെ എല്ലാ കുരുത്തക്കേടുകൾക്കും ഒക്കെ കൂട്ടു നിൽക്കുന്ന ചങ്ക് സിസ് ആണ് ഇവൾ വിഷ്ണുപ്രിയ ) ഏട്ടന്റെ തല്ല് ഭയന്ന് വളരെ പെട്ടന്ന് തന്നെ ഞാൻ പറഞ്ഞു "ഈ..  ഏച്ചി പറഞ്ഞിട്ടാണ് ". കൂട്ടത്തിൽ മൂത്ത ആള് സജിഷ ചേച്ചിക്ക്  സ്വന്തം ഭാഗംപോലും  ന്യായീകരിക്കാൻ സമയം കൊടുക്കാതെ ടപ്പേ..  ഒന്ന് കിട്ടി. അന്ന് വീട്ടിലുണ്ടായിരുന്നവർ മുഴുവൻ അന്നത്തെ ആ സംഭവത്തിൽ ഏച്ചിയെ തലങ്ങും വിലങ്ങും കലമ്പി ( വഴക്ക് പറഞ്ഞു എന്ന് പറയാൻ വീണ്ടും എനിക്ക് മനസ് വരുന്നില്ല ).   
      ആരോടാണ് മാപ്പ് പറയുന്നതെന്നും ആരോടൊക്കെ ആണ് കുറ്റസമ്മതം നടത്തിയതെന്നും മനസ്സിലായി കാണുമല്ലോ ല്ലേ.    
     ഈ കഥയിലെ കഥാപാത്രങ്ങൾ പിന്നെയും ഒരുപാട് സംഭവബഹുല മായ കഥകളിൽ പ്രത്യക്ഷ പെടാനുള്ളത് കൊണ്ട് ഇത് ഇപ്പൊ ഇവിടെ നിർത്തുന്നു...

കുൽസിത കുമാരൻ

Comments

Popular posts from this blog

മുണ്ട് മാഹാത്മ്യം....

ലിംഗപുരാണം ഒന്നാം അധ്യായം

*അങ്ങനെ ഒരു അവധി കാലത്ത്*