കൊച്ചു പുസ്തകം...


തലമുറകൾ കൈമാറി വന്നപാരമ്പര്യം അവകാശപ്പെടാനില്ലാത്ത കൊച്ചു പുസ്തകങ്ങൾ.....
  ഭാവനയുടെ ഉത്തുംഗശൃംഗങ്ങളിലൂടെ സഞ്ചരിച്ച് വായനക്കാരന്റെ വികാരങ്ങളെ പോലും നിയന്ത്രിച്ചിരുന്ന മഹത്തായ കലാസൃഷ്ടി ആയിരുന്നിട്ടുപോലും. പുസ്തക റാക്കുകളിലെ മുൻനിരയിലെന്നല്ല പിൻ നിരയിൽ പോലും ഇടം കിട്ടാതിരുന്ന, ഒരു കാലഘട്ടത്തിന്റെ ഹൃദയമിടിപ്പും മറ്റുചില തുടിപ്പുകളും തൊട്ടറിഞ്ഞ പുസ്തകങ്ങൾ"കൊച്ചുപുസ്തകങ്ങൾ"
      കാലത്തിന്റെ കുത്തൊഴുക്കിൽ യുവത്വം(പ്രായം കൊണ്ടല്ല മനസ്സ് കൊണ്ടും ശരീരം കൊണ്ടും)ഡിജിറ്റൽ യുഗത്തിലേക്ക് കടന്നപ്പോൾ, ആവശ്യമുള്ളതെന്തും വിരൽതുമ്പിൽ എത്തിയപ്പോൾ, വായനയേക്കാൾ ഊർജ്ജം ദൃശ്യങ്ങൾ പകർന്നു തന്നപ്പോൾ മരിച്ചത് വായന ആയിരുന്നു.
      ഒരുപാട് മഹത്തായ കഥകളും കവിതകളും നോവലുകളും കഥാപാത്രങ്ങളും പിറന്നുവീണ ഒരു മണ്ണാണ് നമ്മുടേത് പക്ഷെ ഒരു പ്രത്യേക വികാരത്തെ മാത്രം ഉത്തേജിപ്പിക്കാൻ വേണ്ടി എഴുതപ്പെട്ട ഈ ഗ്രന്ഥങ്ങൾക്കോ ഗ്രന്ഥകാരന്മാർക്കോ വേണ്ടത്ര അംഗീകാരം സമൂഹം കൊടുത്തിട്ടില്ല. എങ്കിലും ഇപ്പറഞ്ഞ ഗ്രന്ഥങ്ങളെ നെഞ്ചിലേറ്റിയിരുന്ന പഴയതലമുറക്ക് ഗ്രന്ഥകാരന്മാരും ഇന്നും ഒരുവികരമാണ്. തൊണ്ണൂറുകളുടെ പാതിയിൽ പിറന്നു വീണ എനിക്ക് ഇപ്പറഞ്ഞ പുസ്തകങ്ങളെ അധികമൊന്നും താലോലിക്കാൻ പറ്റിയില്ലെങ്കിലും വിരൽത്തുമ്പിൽ എത്താറുള്ള സൃഷ്ടികൾ ഇന്നും എന്നെ സ്വാധീനിക്കാറുണ്ട്(ചില പ്രത്യേക സമയങ്ങളിൽ)
      ഇക്കാര്യങ്ങൾ ഒക്കെ പറയുമ്പോൾ ഓർമ വരുന്നത് ഒരു കള്ളക്കടത്തുകാരന്റെ ഉത്തരവാദിത്തത്തോടെ പല കോഡ് ഭാഷകളും ഉപയോഗിച്ച് ക്ലാസ്സ് റൂമിൽ നിന്നും സ്കൂൾ ഗ്രൗണ്ടിൽ നിന്നും ഇവ രഹസ്യമായി കൈമാറിയിരുന്ന സാഹസികൻ മാരെ ആണ്(ഉപഭോക്താവ് ആയിരുന്നെങ്കിലും ഞാൻ ഒരു ഏജന്റ് ആയിരുന്നില്ല)
      ഇങ്ങിനെ ഈ രഹസ്യ കൈമാറ്റങ്ങൾ നമ്മൾ ആണ്കുട്ടികളുടെ ഇടയിൽ പരസ്യമായ  രഹസ്യമായി നടന്നുകൊണ്ടിരിക്കുന്ന സമയം.
      അരക്കൊല്ല പരീക്ഷ കഴിഞ്ഞ് കാലോത്സവത്തിന്റെ തിരക്കുമൊക്കെ ആയി സ്കൂൾ ജീവിതം നിറം പിടിപ്പിച്ചുവരുന്ന സമയം.
      ആസമയത്ത് എന്നെ പോലെ തന്നെ ബഹുഭൂരിപക്ഷം പേരുംവെറുതിരുന്ന, ഒഴിവു പീരീഡുകളിൽ തുടരെ തുടരെ വന്നിരുന്ന ചരിത്ര ക്ലാസ്സുകൾ. അവസാനത്തെ പി ടി പിരീഡിലും ചരിത്രത്തിന്റെ വെറുപ്പിക്കുന്ന മടുപ്പിക്കലുമായി കൃഷ്ണൻ മാഷ് കയറിവന്നു.
      പക്ഷെ തകിടം മറിഞ്ഞത് നമ്മുടെ ഏജന്റ് മാരുടെ കൈമാറ്റത്തിന്റെ പ്ലാനുകളാണ് കാരണം, ഗ്രൗണ്ടിൽ നിന്ന് ഓപ്പൺ മൂത്രപ്പുരയിലേക്കുള്ള ഇടനാഴിയിൽ നിന്നും അവസാനത്തെ പി ടി പിരീഡിൽ സാധനം കൈമാറാമെനന്നായിരുന്നു വ്യവസ്ഥ. 
      വെവോളം കാത്തില്ലേ ഇനി ആറോളം കാത്തൂടെ എന്നതത്വം ഒന്നും അന്ന് നമ്മുടെ മനസ്സിൽ പോയില്ല.സാധനം ഉടനെ തന്നെ കൈമാറണം, ഉദ്ദേശിച്ച സമയത്തു തന്നെ  പക്ഷെ തീരുമാനിച്ച സ്ഥലത്തിന് ഒരു മാറ്റം അത് നമ്മളുടെ സ്വന്തം ക്ലാസ്സ് റൂം. വളരെ രഹസ്യമായി ഡെസ്കിന് അടിയിലൂടെ ആരും കാണാതെ കൈമാറ്റം സാധ്യമാക്കണം. അങ്ങിനെ ഏറ്റവും പുറകിലിരുന്ന മെയിൻ ഏജൻറ് റിനീഷിൽ നിന്നും രണ്ടാമത്തെ ബെഞ്ചിന്റെ അറ്റത്ത് എന്റെ തൊട്ടടുത്ത് ഇരിക്കുന്ന ശ്രീദീപിലേക് ശരിക്കും പതിനാറ് പേരുടെ ദൂരം മാത്രമേ ഉള്ളു എങ്കിലും, സ്കൂളിലെ കുട്ടികളുടെ പേടിസ്വപ്നം കൃഷ്ണൻ മാഷിന്റെ സാന്നിധ്യം ഈ ചെറിയ ദൂരത്തെക്കുള്ള കൈമാറ്റത്തിന് ദുബായിൽ നിന്നും കേരളത്തിലേക്ക് സ്വർണക്കടത്തു നടത്തുന്നതിന്റെ പ്രതീതി ഉളവാക്കിയിരുന്നു. വളരെ സാഹസികമായും രഹസ്യമായും വിജയകരമായിഎന്റെ അടുത്ത് വരെ സാധനം എത്തി എങ്കിലും തൊട്ടടുത്ത ശ്രീദീപിന് സാധനം കൊടുത്തതും സംഭവം പിടിക്കപ്പെട്ടു.
        സാധനം മാഷ് പൊക്കിയത് നമ്മൾ രണ്ടാളെ മാത്രമാണെങ്കിൽ അങ്ങിനെ ഞങ്ങൾ മാത്രം പിടിക്ക പെട്ടാൽ ശരി ആകില്ലല്ലോ കൂട്ടത്തിലുള്ളതിനെ ഒക്കെ ഞാൻ നിഷ്കരുണം ഒറ്റി.
        വളരെ രഹസ്യമായി കാര്യങ്ങൾ അവസാനിപ്പിക്കമായിരുന്നിട്ടും കാര്യം മാഷ് സ്റ്റാഫ് റൂം വരെ എത്തിച്ചു പോരാത്തതിനു ക്ലാസ്സിലെ മറ്റു റേഡിയോ കൂട്ടങ്ങൾ കാര്യം സ്കൂൾ മുഴുവനും പാട്ടാക്കി. അന്ന് മറ്റു ക്ലാസുകളിലും ബാഗ് പരിശോധനയ്ക് കൃഷ്ണൻ മാഷ് ഉത്തരവിട്ടു. ഞെട്ടിക്കുന്ന സത്യങ്ങളാണ് അന്ന് പുറത്തു വന്നത്, ഡസൻ കണക്കിന് കൊച്ചുപുസ്തകങ്ങളാണ് കൃഷ്ണൻ മാഷ് അടങ്ങുന്ന ടീം പിടിച്ചെടുത്തത്.
        അന്ന് പരക്കെ എല്ലാറ്റിന്റെയും പുറത്ത് ഷാജി മാഷിന്റെ ബലിഷ്ഠമായ കരങ്ങൾ ആഞ്ഞു പതിഞ്ഞെങ്കിലും എന്റെ വേദന അതൊന്നുമായിരുന്നില്ല. ഇനി എങ്ങിനെ എന്റെ പെണ് സുഹൃത്തുക്കളുടെ മുഖത്ത് നോക്കും,എന്റെ മാത്രമല്ല എല്ലാരുടെയും കാര്യം മറിച്ചല്ല.
        സംഭവം കഴിഞ്ഞിട്ട് കാലം കുറെ ആയെങ്കിലും ഇന്നും പിടികിട്ടാത്ത ഒരു കാര്യമുണ്ട് ... അന്ന് പിടിച്ചെടുത്ത പുസ്തകങ്ങൾ പിന്നീട് പുറം ലോകം കണ്ടിട്ടില്ല... അപ്പോൾ അതൊക്കെ എവിടെ പോയി...
        ഇനി ചിലപ്പോൾ അവ......  (വേണ്ട ഞാനായിട്ട് ഒന്നും പറയുന്നില്ല)

കുൽസിത കുമാരൻ

Comments

Popular posts from this blog

മുണ്ട് മാഹാത്മ്യം....

ലിംഗ പുരാണം രണ്ടാം അധ്യായം ( അവസാന ഭാഗം)

ഹംസം..