അങ്ങിനെ ഒരു തെയ്യക്കാലത്ത്........
കൊറോണ ബാധിച്ചത് പലരെയും പലവിധത്തിലാണ് അല്ലേ..... ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടാക്കിക്കൊണ്ട് അത് മുന്നേറുകയുമാണ് (ലോക്ക്ഡൗൺ- വിശ്രമവേളകൾ ആനന്ദകരമാക്കിയവരാണ് ചിലരെങ്കിലും ഇത്രയും ദീർഘമേറിയ വിശ്രമം എല്ലാവർക്കും മടുപ്പ് തന്നെ ആണ് ).
എത്രയേറെ ആഘോഷങ്ങളാണ് കൊറോണയിൽ മുങ്ങിപോയത്. സങ്കടം അതൊന്നുമല്ല നഷ്ടമായിപോയ വിവാഹസത്കാരങ്ങൾ.......... ഒരുപാട് സദ്യകളും ബിരിയാണികളും ഒക്കെ കഴിച്ച് നടക്കേണ്ട ഒരവധിക്കാലം കഞ്ഞിയും ചക്കപ്പുഴുക്കും കഴിച്ചുകഴിയേണ്ടിവന്നു (ഒരുപക്ഷെ ചക്കയെ നമ്മുടെ സംസ്ഥാനഫലമായി പ്രഖ്യാപിച്ചതിന്റെ ഗുട്ടൻസ് ഇപ്പോഴാവും മലയാളികൾക്ക് ശെരിക്കും ബോധ്യമായത് അത്രയേറെ രൂപമാറ്റങ്ങളിൽ തീൻ മേശയിലെ താരമായിരുന്നു നമ്മുടെ ചക്ക )
മലയാളികളായ നമ്മൾക്ക് നഷ്ടമായത് ഒരുത്സവകാലമാണ്... ഉത്സവങ്ങൾ എന്നും മലയാളികൾക്ക് വല്ലാത്തൊരു വികാരമാണ്.. ആവേശമാണ്..
എന്നാൽ ഒരു ശരാശരി കണ്ണൂർ കാരൻ എന്ന നിലയിലും ഒരു തെയ്യപ്രാന്തൻ എന്ന നിലയിലും നശിച്ച കൊറോണ കാരണം ഒരു തെയ്യക്കാലം നഷ്ടമായതിന്റെ സങ്കടത്തിലാണ് ഞാൻ.. എത്രയേറെ വിഭവങ്ങൾ നിരത്തിയ സദ്യ ആണെങ്കിലും അജിനോമോട്ടോ ചാലിച്ച ഹോട്ടലുകളിലെ തനിനാടൻ വിഭവങ്ങൾ ആണെങ്കിലും ഈ തെയ്യകാലങ്ങളിൽ കാവുകളിൽ നടന്നിരുന്ന അന്നദാനത്തിനോടുള്ള ഒരു ഇഷ്ടമുണ്ടല്ലോ അത് മനസ്സിലാവണമെങ്കിൽ ഈ നാട്ടിൽ തന്നെ ജനിച്ചു വളരണം. എത്രയേറെ സംഭവബഹുലമായ നിമിഷങ്ങൾക്കാണ് ഓരോ തെയ്യപറമ്പുകളും സാക്ഷികളായിരുന്നത്.
എത്രയേറെ അനുഭവങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും മറക്കാൻ പറ്റാത്ത ആ ഒരടിയുടെ വേദന ഇന്നുമെന്റെ ചന്തിയിലുണ്ട്.
ഇനി പറയാൻ പോകുന്നതും ആ അടിയിൽ കലാശിച്ച ഒരു തകർപ്പൻ പ്രകടനത്തിന്റെ കഥയാണ്...
നാലാംക്ലാസ്സിൽ പഠിക്കുന്ന കാലം..... ജനുവരി മാസത്തിലെ ഏതോ ഒരു ദിവസം (ഏതായാലും ശെനിയും ഞായറും അല്ല സ്കൂളിന് അവധി ഇല്ലാത്ത ഒരു ദിവസം...ദിവസം ഓർമയില്ല കാലം കുറെ ആയില്ലേ.. )നാട്ടിലെ കാവിൽ തെയ്യം തുടങ്ങുന്ന ദിവസം..വർഷാവർഷം നമ്മൾ കാത്തിരിക്കുന്ന ആഘോഷദിനങ്ങൾ.. വീടിനടുത്തായത്കൊണ്ട് തന്നെ അച്ഛന്റെയോ അമ്മയുടേയോ മേൽനോട്ടമയില്ലാതെ സർവ്വസ്വാതന്ത്ര്യത്തോടെ നടക്കാം ചന്തകൾ നിരങ്ങാം...കഴിഞ്ഞ വർഷം വാങ്ങിതന്ന ഭണ്ഡാരം പൊട്ടിച്ചാൽ പിന്നെ ഞാൻ റിച്ച്. (എല്ലാ വർഷവും ഓരോരോ ഭണ്ഡാരങ്ങൾ വാങ്ങും അടുത്ത വർഷത്തേക്കുള്ള പോക്കറ്റ് മണി നിക്ഷേപിക്കാൻ )പാലൈസ്, സേമിയ ഐസ്, കളർ ഐസ് അങ്ങിനെ ലിമിറ്റില്ലാതെ ഐസും ഐസ്ക്രീമും കരിമ്പും ഒക്കെ തിന്ന് തെയ്യപ്പറമ്പുമുഴുവൻ അടിച്ചുപൊളിച്ച് ചെത്തി നടക്കാം.
മൂന്ന് ദിവസം ആണ് തെയ്യമെങ്കിലും മൂന്നാം ദിവസത്തെ കളിയാട്ടമാണ് പ്രധാനം പക്ഷെ ചന്തകൾ മൂന്ന്ദിവസവും സജീവമായിരിക്കും. മൂന്നാം ദിവസം മിക്കവാറും സ്കൂളിനും അവധി ആയിരിക്കും.
ആ പ്രാവശ്യത്തെ ചന്തകളുടെ ആധിക്യം നമ്മളെ വല്ലാതെ ആകർഷിച്ചിരുന്നു. കൂളിംഗ് ഗ്ലാസ്, ലേസർ ടോർച്, റിമോർട് കാർ പോരാത്തതിന് ഗുഡ്ലക്ക് കമ്പനിയുടെ ഐസ്ക്രീം വണ്ടിയും പുതുതായി ചന്തകളിൽ ഇടംപിടിച്ചതായിരുന്നു സ്കൂളിലെ ചർച്ച. സുലേഖ ടീച്ചർ ഫസ്റ്റ് പീരീഡിൽ സംഖ്യകൾകൊണ്ട് അമ്മാനമാടുമ്പോഴും ഞാനും നിതുട്ടനും (അന്നത്തെ ചങ്ക് ചങ്ങായി )വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു.
സ്കൂൾ വിടാൻ നാലുമണി എങ്കിലും ആവും വീട്ടിലെത്തി കുളിച്ച് റെഡി ആയി പോകുമ്പോഴേക്കും ഒരുപാട് വൈകും തെയ്യപ്പറമ്പിൽ തിരക്ക് കൂടിയിട്ടുമുണ്ടാകും. ഉച്ചയ്ക്ക് തന്നെ വീട്ടിലെത്തിയാൽ ചന്തയിലൊക്കെ വിസ്തരിച്ചു കറങ്ങാം... ഇന്റർവെല്ലിന് ഞാനും നിതുട്ടനും കൂടി മൂത്രപുരയിലേക്കുള്ള ഇടവഴിയിൽ നിന്ന് ഗൂഢാലോചന തുടങ്ങി.അവസാനം ഉച്ചയ്ക്ക് വീട്ടിൽ പോകാൻ കാലങ്ങളായി നമ്മളെപോലെയുള്ള നല്ലകുട്ടികൾ ഉപയോഗിച്ചിരുന്ന അതെ വഴിതന്നെ അവസാനം ഉരുത്തിരിഞ്ഞു വന്നു "വയറുവേദന ". അന്നേതന്നെ വലിയൊരു അഭിനയമോഹിയായ ഞാൻ ഉച്ചയാവാനൊന്നും കാത്തുനിന്നില്ല അപ്പൊതന്നെ അഭിനയം തുടങ്ങി. സംഭവം വിശ്വസനീയമാവാൻ ഉച്ചക്കഞ്ഞി പോലും കുടിക്കാതെ വയറുവേദന ഞാൻ ഗംഭീരമായി അഭിനയിച്ചു തകർത്തുകൊണ്ടിരുന്നു. ഇനി നിതുട്ടന്റെ ഊഴമാണ്... ടീച്ചറോട് പറയണം.. വീട്ടിൽ പോകാൻ അനുവാദം വാങ്ങണം നമ്മളുടെ ഓസ്കാർ അഭിനയത്തിന് മുന്നിൽ ടീച്ചർ ഫ്ലാറ്റ് വീട്ടിലേക്ക് പോകാനുള്ള അനുവാദത്തിനായി അഭിനയം ഹെഡ് മാഷ് ഗോപാലൻ മാഷിന്റെ മുന്നിലും തുടർന്നു.. ഏതായാലും മിഷൻ സക്സസ് അങ്ങനെ രോഗി ആയ ഞാനും ബൈസ്റ്റാൻഡർ നിതുട്ടനും അഭിനയം സ്കൂളിന്റെ ഗേറ്റ് വരെ തുടർന്നു പിന്നെ ശരം വിട്ടപോലെ വീട്ടിലുമെത്തി. ഉച്ചവരെയെ സ്കൂൾ ഉണ്ടായുള്ളൂ എന്ന് ഞാൻ വീട്ടിലൊരു നുണയും കാച്ചി.. കുളിച്ചൊരുങ്ങി തെയ്യപ്പറമ്പിലും എത്തി....
സമയം സന്ധ്യയായി ട്യൂബ്ലൈറ്റ്കളുടെയും ചിരാതുകളുടെയും വെളിച്ചം എങ്ങും പരന്നു ചെണ്ടയുടെയും ചീനകുഴലിന്റെയും അകമ്പടിയോടെ തെയ്യക്കോലങ്ങളും അരങ്ങിലെത്തി..
രണ്ടുകയ്യിലും രണ്ടുതരം ഐസും വാങ്ങി ആസ്വദിച്ചുതിന്നുകൊണ്ട് ചന്തകൾക്ക്മുന്നിലൂടെ കൂളിംഗ് ഗ്ലാസും വച്ച് ഉലാത്തിക്കൊണ്ടിരുന്ന നമ്മളുടെ മുന്നിലേക്ക് ദേവരുന്നു സംഭാവനപിരിവിനിറങ്ങിയ കമ്മറ്റിക്കാർ കൂട്ടത്തിൽ ഗോപാലൻ മാഷും പിന്നേ എന്റെ അച്ഛനും. മാഷ് എന്നെ കണ്ടപാടെ "നിന്റെ വയറുവേദന പോയോടാ" ന്ന് ഒരൊറ്റചോദ്യം. സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കിയ അച്ഛൻ സ്ഥലവും സന്ദർഭവും സമയവും ഒന്നും നോക്കാതെ 'ഠപേ.. ഠപേ' രണ്ടടി ചന്തിക്ക്.അത്രയും നേരം നാടകത്തിലെ കഥാപാത്രമായിരുന്ന നിതുട്ടൻ ഞാനൊന്നുമറിഞ്ഞില്ലന്നമട്ടിൽ പെട്ടെന്ന് തന്നെ കാണിയായി മാറി. ചെണ്ടയുടെ മാസ്മരികമായ ഒച്ചയിൽ അടിയുടെ ഒച്ച ആരും കേട്ടില്ല. അവിടെ നിന്ന് കരഞ്ഞാൽ അഭിമാനത്തിന് ക്ഷതമേൽക്കും എന്ന ഒറ്റ കാരണത്താൽ കയ്യിലുള്ള ഐസും ഇട്ടെറിഞ്ഞൊറ്റ ഓട്ടം വീട്ടിലേക്ക്. വീട്ടിന്ന് കരഞ്ഞാൽ ആരും കാണൂല്ലല്ലോ !!
പലപ്പോഴും കോളേജുകളിൽ ക്ലാസ്സ്കട്ട് ചെയ്ത് സിനിമയ്ക്കും കറങ്ങാനും മറ്റും പോകുന്ന സാഹസിക കഥകൾ കേട്ടിട്ടുണ്ടാകും പക്ഷെ അന്ന് നമ്മൾ നടത്തിയ ആ ഓസ്കാർ ക്ലാസ്സ് കട്ടിങ്ങിനെ പറ്റി ഓർക്കുമ്പോൾ ലതൊക്കെ എന്ത്......
Comments
Post a Comment