ചന്ദനത്തിരി

 
പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ അല്ലേ..  പറഞ്ഞുവരുന്നത് ചന്ദനത്തിരികളെ കുറിച്ചാണ്. പലവിധ മണങ്ങൾ പരത്തുന്ന ചന്ദനതിരികൾ വിപണിയിൽ ലഭ്യമാണെങ്കിലും അതെരിയുന്ന സ്ഥലങ്ങൾക്കനുസരിച്ച് അതിന്റെ പ്രാധാന്യം ഉയർന്നും താഴ്ന്നും കൊണ്ടേ ഇരിക്കും. ജാതി മത വ്യത്യാസങ്ങളില്ലാതെ ഇത്രയധികം പ്രാധാന്യം ലഭിക്കുന്ന ഒരു വസ്തു ഒരു പക്ഷെ ഇതുമാത്രമാവും. അമ്പലങ്ങളിലോ പള്ളികളിലോ എവിടെയും ചന്ദനതിരികൾക്ക് ഒരയിത്തവുമില്ല എന്താ ശെരിയല്ലേ. 
      എരിയുന്ന സ്ഥലങ്ങൾക്ക് അനുസരിച്ചു അത് പരത്തുന്ന മണം വ്യത്യസ്ഥ വികാരങ്ങളെയും ഉണർത്തുന്നു.  അടുക്കളപുറത്ത് വൈകുന്നേരം മീൻമുറിക്കാൻ ഇരിക്കുമ്പോൾ അമ്മ വിളിച്ചുപറയാറുണ്ട് "ഉയ്ശ് പ്ർക്ക് കടിച്ച് പറിക്ക്ന്ന് ചന്ദൻതിരി കത്തിച്ച് ബെച്ചാട്ടെടാ"(ഒരു തർജ്ജമയുടെ ആവശ്യം ഉണ്ടോ എന്നറിയില്ല.. എന്നാലും കൊതുക് കടി സഹിക്കാൻ പറ്റുന്നില്ല ഒരു ചന്ദന തിരി കത്തിച്ചു വെക്കാനാണ് ആ പറഞ്ഞത് ). മീൻമാർക്കറ്റുകളിലും ചവറുകൂനകൾക്കടുത്തും എന്തിന് പബ്ലിക് കംഫർട് സ്റ്റേഷനുകളിൽ പോലും എറിയുന്നുണ്ടാകും നമ്മൾടെ  ചന്ദനതിരി (നാറ്റം മറയ്ക്കാൻ ആണ് സുഗന്ധം പരത്തുന്ന തിരി കത്തിച്ചുവയ്ക്കുന്നതെങ്കിലും രണ്ടുമണങ്ങളും കൂടി വല്ലാത്തൊരു മണമാവാറാണ് പതിവ് ). പണ്ട് സ്കൂളിൽ പോകുന്ന ബസ്സിൽ മുത്തപ്പന്റെ ഫോട്ടോയ്ക്ക് മുന്നിൽ കത്തിച്ചു വയ്ക്കാറുള്ള ചന്ദനത്തിരികൾക്ക് പ്രത്യേക മണമായിരുന്നു. ഡ്രൈവർ ചേട്ടൻ സ്ഥിരം വെക്കാറുള്ള ഒരേ ഭക്തിഗാനത്തിനൊപ്പം എരിയുന്ന ചന്ദനത്തിരികൾ തന്നത് പറഞ്ഞറിയിക്കാനാവാത്ത ഒരു ഫീൽ ആയിരുന്നു. ഒരിക്കലെങ്കിലും മരണവീട്ടിൽ പോകാത്തവർ ഉണ്ടോ? അവിടെ ചെന്നാലും ഉണ്ടാകും ഈ മഹാൻ പക്ഷെ അവിടങ്ങളിൽ ഇവൻ തരുന്ന ഒരു ഫീൽ അറിയാമോ...? സങ്കടം തളം കെട്ടികിടക്കുന്ന ആ നിശബ്ദതയിൽ ഉയരുന്ന ആ സുഗന്ധം അവിടെ കൂടിയിരിക്കുന്നവരിലേക്കും ഒരു ശോക ഛായ പടർത്തും.  
     പറഞ്ഞു വരുന്നത് ഇതൊന്നുമല്ല.. ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ് എന്നാലും ഓണാഘോഷങ്ങൾക്ക് ഒരു ഉത്സവത്തിന്റെ പ്രതീതി ഉണ്ടാകുന്നത് സ്കൂളുകളിലും കോളേജ്കളിലും ഉള്ള ആഘോഷങ്ങൾക് ആയിരിക്കും അല്ലെങ്കിൽ മറുനാടൻ മലയാളികൾക്കിടയിലും.  
           ഇനി സംഭവത്തിലേക്ക് - പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം. കൃഷ്ണൻ മാഷ് ചരിത്രത്തിൽ താരാട്ട് പാടി കൊണ്ടിരിക്കുമ്പോഴാണ് സതിഏച്ചി  നോടീസും കൊണ്ട് കേറി വന്നത്. ഉറക്കം പകുതിക്ക് മുറിഞ്ഞു പോയതിന് പലരും ഏച്ചിയെ പ്രാകി എങ്കിലും നോടീസിലെ കാര്യം എല്ലാവരെയും ആവേശത്തിലാക്കി. -അടുത്ത വെള്ളിയാഴ്ച ഓണം സെലിബ്രേഷൻ ആണ്-
‌പൂക്കളമത്സരത്തിൽ ഒന്നാമതെത്തുക എന്നത് ഓരോ ക്ലാസ്സ് കാരുടെയും അഭിമാനപ്രശ്നം ആയത് കൊണ്ടും ഹൈസ്കൂൾ ജീവിതത്തിലെ അവസാന ഓണം ആയത് കൊണ്ടും സംഭവം കുറച്ച് വെറൈറ്റി ആക്കാൻ തന്നെ നമ്മൾ തീരുമാനിച്ചു. ക്ലാസ്സ് ലീഡർ ആയിരുന്ന ഞാൻ സംഭവം കൊഴുപ്പിക്കാൻ  പിറ്റേന്ന് തന്നെ പിരിവും ആരംഭിച്ചു. അങ്ങനെ മത്സരദിവസം വന്നെത്തി യൂണിഫോം ധരിച്ച മലയാളി മങ്ക മാരും മങ്കൻ മാരുമൊക്കെ ചേർന്ന് പൂവരിയലും പൂക്കളമൊരുക്കലും മൊത്തത്തിൽ ഒരു ബഹളം. നമ്മളുടെ ക്ലാസ്സിൽ വരുന്നവർ ഞെട്ടണം സംഭവം വെറൈറ്റി ആക്കണം ന്നൊക്കെ തീരുമാനിച്ചുറപ്പിച്ച ഞാൻ ഒരു ട്രഡിഷണൽ ഫീൽ കിട്ടാൻ നിലവിളക്കും നിറപറയും ഒക്കെ വാടക്ക് എടുത്ത് ഒരുക്കി വച്ചിരുന്നു ഒട്ടും കുറക്കണ്ട എന്ന് കരുതി ഒരു പടല പഴത്തിൽ ഒരു വലിയ പാക്കറ്റ് ചന്ദനതിരി മൊത്തമായി കത്തിച്ചു കുത്തിയും വച്ചു.  പൂക്കളം ഒരുങ്ങി കഴിഞ്ഞപ്പോഴാണ് അടുത്ത പ്രശ്നം തമിഴ് നാടൻ പൂക്കൾ മാത്രം നിരന്നിരുന്ന പൂക്കളത്തിൽ ഒരു നാടൻ പൂവെങ്കിലും വേണം എന്നാലേ ഒന്നാം സ്ഥാനം ഇങ്ങോട്ട് പോരു എന്നായി ഒരു വിഭാഗം. ഇനി നാടൻ പൂവ് ഇല്ലാത്തതിന്റെ പേരിൽ ഒന്നാം സ്ഥാനം നഷ്ടപെടണ്ട. പൂക്കളത്തിലേക് വയ്ക്കാൻ നാടൻ പൂവിന് വേണ്ടി എല്ലാരും പരക്കം പാഞ്ഞു (നെട്ടോട്ടമോടി എന്നാണ് ഉദ്ദേശിച്ചത് ). നമ്മൾക്ക് വേണ്ടി വിരിഞ്ഞ പോലെ സ്കൂളിന്റെ അറ്റത്ത് ദേ ഒരു ചെമ്പരത്തി. ചെമ്പരത്തി എങ്കിൽ ചെമ്പരത്തി വൈകിയാൽ അതും കിട്ടൂല.അതും പറിച്ച് ക്ലാസിലെത്തി വീണ്ടും അടുത്ത പ്രശ്നം ഈ ഒരുചെമ്പരത്തി എങ്ങിനെ ഇത്രയും വലിയ പൂക്കളത്തിന്റെ നടുവിൽ വയ്ക്കും.??? 
 ക്ലാസ്സിലെ ജിമ്മൻ അതുൽ  (mr. പാറക്കടവ്, ആത്മവിശ്വാസത്തിന്റെ നിറകുടം )സഹായത്തിനെത്തി. കൂട്ടത്തിൽ ഏറ്റവും മെലിഞ്ഞ എന്റെ ഇടതു കൈ അവൻ പിടിച്ചു വയ്ക്കും അവന്റെ ആ ബലത്തിൽ തൂങ്ങിനിന്ന് ഞാൻ പൂവ് നടുവിൽ വെക്കണം.  അവന്റെ മസിലിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരുന്ന ഞാൻ ആ സാഹസിക ഉദ്യമത്തിന് തയ്യാറായി. 
     അങ്ങനെ എല്ലാവരെയും മുൾമുനയിൽ നിർത്തി കൊണ്ട് ഉദ്യമം ആരംഭിച്ചു. തൂങ്ങി വലിഞ്ഞു പൂവ് വയ്ക്കാൻ തുടങ്ങിയതും ആ...... മോൻ (വാക്കുകൾ കിട്ടാഞ്ഞിട്ടല്ല ഇവിടെ പറയണ്ട എന്ന് കരുതിയിട്ടാണ് )കൈ വിട്ടു. മൂക്കും കുത്തി വീഴുക എന്നത് അതിശയോക്തി ആയി മാത്രം കേട്ടറിവുള്ള ഞാൻ അക്ഷരാർത്ഥത്തിൽ മൂക്കുംകുത്തി പൂക്കളത്തിൽ വീണു.  
   ഹാ..  എന്ന ദീർഘനിശ്വാസത്തോടെ ക്ലാസ്സ്‌ നിശബ്ദമായി. വളരെ ഭംഗിയായി പ്ലാൻ ചെയ്ത ആ ഓണാഘോഷം അതോടെ വളരെ വളരെ ഭംഗിയായി. 
   ഇന്ന് ഇത് പറയുമ്പോൾ പൂക്കളത്തിലുള്ള എന്റെ ആ കിടപ്പ് ആലോചിച്ച് എനിക്ക് തന്നെ ചിരി വരുന്നുണ്ടെങ്കിലും. അന്ന് അവിടെ കൂടിയവരുടെ  നിശബ്ദത യും അയ്യോ കഷ്ടം എന്നുള്ള  നെടുവീർപ്പും കൂടെ വെറൈറ്റിക്കു വേണ്ടി ഞാൻ തെളിയിച്ച നിലവിളക്കും എല്ലാത്തിനും ഉപരി സുഗന്ധം പരത്തികൊണ്ടിരുന്ന ചന്ദനതിരിയും ഒക്കെ കൂടി ഒരു മരണ വീടിന്റെ അവസ്ഥ ആയിരുന്നു.......


കുൽസിത കുമാരൻ

Comments

Popular posts from this blog

മുണ്ട് മാഹാത്മ്യം....

ലിംഗപുരാണം ഒന്നാം അധ്യായം

*അങ്ങനെ ഒരു അവധി കാലത്ത്*