കാലം മായ്ക്കാത്ത മുറിപാടുൾ.....


"പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണ് " എന്ന ഒരു ഡയലോഗ് കേൾക്കാത്തവർ കുറവായിരിക്കും അല്ലേ... അത്രത്തോളം തവണ ട്രോളന്മാർ ഇതെടുത്ത് അമ്മാനമാടിയിട്ടുണ്ട്.
       പക്ഷെ ഈ ഡയലോഗ് ഈ ഇടയ്ക്ക് ഹിറ്റ്‌ ആയതാണെങ്കിലും അമ്മ മാത്രമല്ല അച്ഛനും 
വല്ല്യ പോരാളികൾ ആണെന്ന പ്രപഞ്ച സത്യം പണ്ടേ മനസ്സിലാക്കിയ ആളാണ് ഞാൻ. അതിന്റെ തെളിവ് ഇന്നുമെന്റെ വലതു കാൽമുട്ടിലുണ്ട്. 
         ഈ കഥ പറയുമ്പോൾ അപകടാവസ്ഥയിൽ എന്നെ ഇട്ടിട്ട് ഓടി പോയ പ്രിയ കൂട്ടുകാരാ അന്ന് നിന്നെ ഒരുപാട് പ്രാകി എങ്കിലും ഇന്ന് ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു ഇങ്ങനെ ഒരു സംഭവബഹുലമായ ഓർമ എനിക്ക് സമ്മാനിച്ചതിന്. 
         ഒരുപാട് അന്തേവാസികൾ ഉള്ള കുടുംബം ആയിരുന്നു എന്റെത് (ആയിരുന്നു എന്ന് പറയുമ്പോൾ ഇന്നല്ല എന്നല്ല അന്നത്തെ അത്ര ഇന്നില്ല എന്ന് മാത്രം ). അമ്മാളുവും അമ്മിണിയും കല്യാണിയും അങ്ങനെ അങ്ങനെ കൊറേ കൊറേ പേർ. ഈ പറഞ്ഞവർ ഒന്നും ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നെനിക്കറിയില്ല ട്ടോ വർഷം കുറച്ചായല്ലോ.. ചത്തു പോയി കാണണം അധവാ ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്നെ എവിടെ ആണെന്ന് ഒരറിവും ഇല്ല (തിരക്കുകൾ കൂടി കൂടി വന്നപ്പോൾ അച്ഛാച്ചൻ അവരെ വിറ്റുകളഞ്ഞു. ശുദ്ധമായ പശുവിൻ പാൽ കുടിച്ചു കൊണ്ടിരുന്ന ഞങ്ങൾ അന്ന് മുതൽ കേരളം കണികണ്ടുണരുന്ന നന്മ യുടെ പാക്കറ്റുകൾ വാങ്ങി തുടങ്ങി ). പറഞ്ഞു വരുന്നത് അമ്മമ്മയുടെ ഓമന പശുക്കളുടെ കാര്യം ആണ്  ട്ടോ.. പക്ഷെ ഈ കഥയിൽ ഇവർക്ക് പങ്കില്ല. കാരണം എന്നെ കാണുന്നത് തന്നെ ചതുർഥി ആയ അമ്മിണി പലതവണ എന്നെ പറമ്പിലൂടെ തലങ്ങും വിലങ്ങും ഓടിച്ച ദാരുണ സംഭവങ്ങൾ കാരണം ഞാൻ എന്നും അവരോട് ഒരു ഗ്യാപ് ഇട്ടേ ഇടപഴകിയിരുന്നുള്ളു. 
       ഇവരെ കൂടാതെ വീട്ടിൽ രണ്ടു കോഴികൾ ഉണ്ടായിരുന്നു (ഒർജിനൽ കോഴികളുടെ കാര്യമാണ് ട്ടോ ). കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ മുതൽ എന്നെ കാണുന്നത് കൊണ്ടോ..എനിക്ക് തിന്നാൻ തരുന്നതിന്റെ നല്ലൊരു പങ്ക് അവർക്ക് കൊടുക്കുന്നത് കൊണ്ടോ എന്തോ അമ്മിണി എന്നോട്  കാണിക്കും പോലുള്ള പരാക്രമങ്ങൾ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവാറില്ല എന്ന് മാത്രമല്ല. "കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തി "എന്ന് പറയും പോലെ. എന്റെ പങ്കിൽ നിന്ന് ഞാൻ കൊടുക്കുന്ന തീറ്റ പോരാതെ വീണ്ടും വന്നു എന്റെ പാത്രത്തിൽ നിന്ന് വരെ കൊത്തിതിന്നിരുന്ന അവർ ഞാനുമായി നല്ല കമ്പനിആയിരുന്നു. 
       ഇനി ഞാൻ പരിചയപെടുത്തുന്ന എന്റെ കളികൂട്ടുകാരൻ മിഥുൻ ( എന്റെ അംഗനവാടി മേറ്റ്‌ ). 
           ഇനി സംഭവത്തിലേക്ക് നമ്മുടെ കോഴികൾ പ്രായപൂർത്തി ആയി. ഞാൻ കൊടുത്ത തീറ്റയ്ക് പ്രത്യുപകാരമായി പോഷകസമൃദ്ധമായ മുട്ട തന്ന് തുടങ്ങി. അങ്ങനെ ഇരിക്കെ ആണ് കരിമ്പി പിട അമ്മ ആവാനുള്ള ടെന്റൻസി കാണിച്ചു തുടങ്ങിയത്. വളരെ ശാസ്ത്രീയമായി ഇരുമ്പ്, കരിക്കട്ട, പച്ചമഞ്ഞൾ, ഉണക്കമുളക് എന്നിവ ഉമിയിൽ നിരത്തി പതിനൊന്നു മുട്ടയും (ഒറ്റസംഖ്യയിൽ തന്നെ വെക്കണം എന്ന് അമ്മമ്മ പറഞ്ഞതിന്റെ ഗുട്ടൻസ് എനിക്ക് ഇന്നും മനസ്സിലായിട്ടില്ല )കരിമ്പിയെ അടയിരുത്തി 
     കൃത്യം ഇരുപത്തിഒന്നാം ദിവസം വളരെ ഉത്തരവാദിത്തത്തോടെ പതിനൊന്നിൽ പതിനൊന്നും വിരിയിച്ച് കരിമ്പി മാതൃക മാതാവായി. 
           അങ്ങനെ തള്ളയും മക്കളും അവരുടെ അച്ഛനും പറമ്പിൽ സോയിര്യ വിഹാരം നടത്തുന്നസമയത്താണ് പറമ്പിൽ മഞ്ചാടി പെറുക്കി കൊണ്ടിരുന്ന മിഥുന് ഒരാഗ്രഹം കോഴി കുഞ്ഞിനെ ഒന്ന് പിടിക്കണം. കോഴികളുമായുള്ള സൗഹൃദ ബന്ധം വച്ച് അവന്റെ ആഗ്രഹം നടത്തികൊടുക്കാൻ ഞാൻ തീരുമാനിച്ചു. 
      അങ്ങനെ കുഞ്ഞുങ്ങളിൽ ഒന്നിനെ എടുക്കാൻ തുനിഞ്ഞതും. എന്റമ്മോ ദേ  ഉണ്ട ചോറിന് നന്ദി ഇല്ലാത്ത കരിമ്പിയും ഭർത്താവും സടകുടഞ്ഞുകൊണ്ട് എന്റെ നേർക് പാഞ്ഞു വരുന്നു (ഓടി വരുന്നു എന്ന് പരിഷ്കരിച്ചു പറയാൻ ആ ഓർമ്മകൾ എന്നെ അനുവദിക്കുന്നില്ല). ആ വരവ് പന്തി അല്ലെന്ന് തിരിച്ചറിഞ്ഞ മിഥു അപ്പൊ തന്നെ സ്ഥലം വിട്ടു. തിരിഞ്ഞോടാൻ തുനിഞ്ഞ ഞാൻ പിറകിൽ ഉണ്ടായിരുന്ന കല്ലിൽ തടഞ്ഞു ദേ കിടക്കുന്നു നിലത്ത്. മുട്ടിനു മുകളിൽ വരെ ഇറക്കമുള്ള അയഞ്ഞ ട്രൗസർ ഇട്ട എന്റെ കാലിന്റെ മാംസളമായ ഭാഗങ്ങളിൽ കോഴി ദമ്പതിമാർ തലങ്ങും വിലങ്ങും കൊത്തി തുടങ്ങി.അന്ന് ഞാനാ പ്രപഞ്ചസത്യം മനസ്സിലാക്കി.....പോരാത്തതിന് വീഴ്ചയിൽ വലതു കാൽ മുട്ട് ചോര ഒലിപ്പിച്ചുതുടങ്ങിയിരുന്നു. 
.....
           കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്നാണല്ലോ... കോഴി കൊത്തിയ പാട് കാലക്രമേണ മാഞ്ഞു പോയെങ്കിലും കാൽ മുട്ടിലെ മുറിപ്പാട് ഇന്നും ഒരോർമയായി നിലനിൽക്കുന്നു.

കുൽസിത കുമാരൻ

Comments

Popular posts from this blog

മുണ്ട് മാഹാത്മ്യം....

ലിംഗപുരാണം ഒന്നാം അധ്യായം

*അങ്ങനെ ഒരു അവധി കാലത്ത്*