ഗോതമ്പുണ്ട
പാചകം ഒരു മഹത്തായ കലയാണ്. വിശപ്പ് എന്ന വികാരത്തിന്റെ പൂർത്തികാരണത്തിന് മാത്രമല്ല.. ഓരോരോ ഭക്ഷണപദാർത്ഥങ്ങളും ഓരോരോ രീതിയിൽ മനുഷ്യ വികാരങ്ങളെ സ്വാധീനിക്കുന്നു. എന്താ ശെരിയല്ലേ....? ചായയുടെ കാര്യം തന്നെ എടുക്കാം രാവിലെ ചായ കുടിച്ചാൽ മാത്രം കാര്യങ്ങൾ സുഗമമായി നടക്കുന്നവരില്ലേ..? പ്രണയിനിക്കൊപ്പം കുടിക്കുമ്പോഴും കൂട്ടുകാർ ക്കൊപ്പം കുടിക്കുമ്പോഴും ഈ ചായ തരുന്ന വികാരം വ്യത്യസ്ത തരത്തിൽ അല്ലേ....? പിന്നെയും ഒരുപാട് ഉദാഹരണങ്ങൾ.....
ഓരോരോ ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടായിവരുന്നതിന്റെ ഗംഭീര പ്രോസസുകളെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കു.....
ഭക്ഷണത്തിന്റെ കാര്യം പറയുമ്പോൾ തെല്ലൊരു അഹങ്കാരത്തോടുകൂടി തന്നെ പറയട്ടെ ഞാൻ ഒരു മലബാറ് കാരനാണ്.
മലബാർകാരുടെ ആദിത്യമര്യാദ ലോകമെമ്പാടും കേൾവികേട്ടതാണ്.
വിവാഹസൽക്കാരങ്ങളും വിരുന്ന്സൽകരങ്ങളും അക്ഷരർത്ഥത്തിൽ ഒരു ഇന്റർനാഷണൽ ഫുഡ്‌ഫെസ്റ്റിന്റെ പ്രതീതി ഉളവാക്കും വിധത്തിൽ വിഭവവൈവിദ്യം കൊണ്ട് സമ്പന്നമായിരിക്കും പ്രദേശികമായിത്തന്നെ ഉള്ള ധാരാളിത്തം കാരണം വിരുന്ന് മേശകളിൽ വരത്തൻ വിഭവങ്ങളുടെ ആവശ്യകത ഉണ്ടാകാറേ ഇല്ല.
ഇത്രയും സങ്കീർണങ്ങളായ രൂപഭംഗിയും രുചിവൈവിദ്യങ്ങളും നിറഞ്ഞ ഈ പലഹാരങ്ങളുടെ കണ്ടുപിടുത്തതിന് പൂർവികരായ സ്ത്രീജനങ്ങളെ പ്രശംസിക്കാതെ വയ്യ, ( പുരുഷപ്രജകൾക്ക് പാചകത്തിൽ പങ്കില്ല എന്നല്ല, എന്നാലും മിക്കവാറും വിടുകളിലെ പാചകങ്ങൾ സ്ത്രീകൾ ആയിരിക്കുമല്ലോ അല്ലെ. പുരുഷൻമാരുടെ കൈപ്പുണ്യം പലപ്പോഴും കല്യാണപുരകളിലും ഹോട്ടലുകളും ഒതുങ്ങി പോവുകയാണ് പതിവ്.)
പാചക കാര്യത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്നത് തനിച്ചു താമസിക്കുന്ന ബാച്ചിലേഴ്‌സ് ആയിരിക്കും. അതിപ്പോൾ അവരുടെ അടുക്കളയിൽ ഉരുത്തിരിഞ്ഞുവരുന്നത് കഞ്ഞിയും ചമ്മന്തിയും ആണെങ്കിൽ പോലും വിചിത്രമായി തോന്നാവുന്ന പല പരീക്ഷണങ്ങൾക്കും ഇവ പാത്രമാവാറുണ്ട് (യൂട്യൂബ് ഗുരുക്കൻമാരുടെ അതിപ്രസരമില്ലാത്ത കാലത്തെ കുറിച്ചാണ് പറയുന്നത് കേട്ടോ... ).അനുഭവങ്ങൾ ഗുരുക്കന്മാരാകുന്ന നിമിഷങ്ങളുടെ കഥകളാവും ബാച്ചിലേഴ്‌സ് കിച്ചണിൽ നിന്നും പലപ്പോഴും പറയാൻ ഉണ്ടാവുക.
ആവശ്യമാണല്ലോ കണ്ടുപിടിത്തങ്ങളുടെ മാതാവ് അതുപോലെ ഒരു കണ്ടുപിടിത്തത്തിന്റെ കഥയാണ് എനിക്കിവിടെ പറയാൻ ഉള്ളത്..
വീട്ടുകാരുടെയും നാട്ടുകാരുടെയും ഉപദേശങ്ങളും കുറ്റപ്പെടുത്തലുകളും കേട്ട് കേട്ട് മടുത്ത് ഒരുവിധത്തിൽ സപ്ലികളൊക്കെ അവസാനവർഷം തന്നെ എഴുതിയെടുത്തു. ക്ലാസ്സ് കഴിഞ്ഞും വീണ്ടും ഉപദേശങ്ങൾ തുടർന്നും അനുഭവിക്കേണ്ടി വരുമെന്നാലോചിച്ച് ഇരിക്കുമ്പോഴാണ്...ക്യാമ്പസ് സെലെക്ഷൻ വരുന്നത് എന്തിനെ കുറിച്ചും തള്ളിമറിക്കുന്ന എന്റെ വാഗ്ചാതുര്യം കൊണ്ടോ എന്തോ സ്വപ്നനഗരമായ ബാംഗ്ലൂരിൽ ഒരു ജോലി ശെരിയായി (പിന്നീട് ദുസ്വപ്ന നഗരമായി മാറി എന്നുള്ളതാണ് സത്യം ).
ബാംഗ്ലൂർ ലൈഫിനെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ നെയ്തുകൂട്ടി ഒരു മെയ് മാസത്തിൽ കല്പകട്രാവെൽസിന്റെ എസി ബസ്സിൽ കേറുമ്പോൾ ജോലി (പണി )കിട്ടിയ നമ്മൾ നാലുപേരും ചിന്തിച്ചില്ല അനുഭവങ്ങളുടെ ഒരു യൂണിവേഴ്സിറ്റിയിലേക്കാണ് ആ യാത്ര എന്നത്.
നാലുപേർക്കും കൂടി താമസിക്കാൻ ഒറ്റ മുറി പി ജി (പേയിങ് ഗസ്റ്റ് )യും ശെരിയായി. ജോലിയുടെ ഇടവേളകൾ കുറവായത്കൊണ്ട് ഭക്ഷണം എന്നും പുറത്ത് നിന്നായിരുന്നു. (ഫ്രൈഡ് റൈസും ഗോപി മഞ്ചൂരിയനും ചിക്കൻ കബാബും പച്ചരി ചോറും പേരറിയാത്ത കുറെ കറികളും ഇന്നും വല്ലാത്ത ഒരു വികാരമാണ് ).അങ്ങനെ ഇരിക്കെ നമ്മുടെ ആദ്യ ഞായറാഴ്ച വന്നെത്തി എന്നും പുറത്ത് നിന്ന് കഴിച്ചാൽ ശെരിയാവില്ല പാചകം ചെയ്യണം (നാട്ടിൽനിന്ന് വരുമ്പോൾ തന്നെ ചെറിയ സെറ്റപ്പ് ഒക്കെ നമ്മൾ കൊണ്ട് വന്നിരുന്നു ).
ഏതായാലും ഞായറാഴ്ചയാണ് പുറത്തൊക്കെ ഒന്ന് കറങ്ങി രാത്രി ഭക്ഷണം പാചകം ചെയ്യാൻ സാധനങ്ങളും വാങ്ങി വന്നു.
രാവിലെ മുഴുവനും ഉള്ള സൗന്ദര്യആസ്വാദനവും (വായിനോട്ടം എന്നതിനേക്കാൾ എത്രയോ ഉചിതം ഈ വാക്കാണ് )കഴിഞ്ഞു ആറുമണിക്ക് റൂമിൽ എത്തി പാചകമഹാമഹം തുടങ്ങി ജോലികൾ നാലുപേരും വീതിച്ചു.അന്നത്തെ മെനു ചപ്പാത്തിയും തക്കാളി കറിയും.ചപ്പാത്തി പരത്തൽ എന്റെ ജോലിയായി. കുറച്ചു ഗോതമ്പുപൊടിഎടുത്ത് കുറച്ചു ചൂട് വെള്ളം ഒഴിച്ചു വെള്ളം ഒരിത്തിരി കൂടി കൂടിപോയി പണ്ട് നോട്ടീസ് ഒട്ടിക്കാൻ കുഴച്ച പശ പോലെയായി വീണ്ടും കുറച്ചു പൊടി ഇട്ടു ഇത്തവണ പൊടി കൂടി പോയി ഒന്ന് രണ്ടു തവണ ഇതേ പ്രവൃത്തി തുടർന്നു മാവ് ഒന്ന് റെഡിയായി കിട്ടാൻ. ചപ്പാത്തി ഉണ്ടാക്കുന്ന മെഷീനിനെകുറിച്ച് നമ്മൾക്ക് അറിവില്ലാത്തത് കൊണ്ടോ അതോ അങ്ങിനെ ഒരു സാധനം അന്ന് വിപണിയിൽ ഇല്ലായിരുന്നത് കൊണ്ടോ എന്തോ ചപ്പാത്തി കോൽ തന്നെ ശരണം.അങ്ങനെ ചപ്പാത്തി പരത്തി തുടങ്ങി. ഓരോന്നും പരത്തി അട്ടി അട്ടിയായി അടുക്കി വച്ചുകൊണ്ടേ ഇരുന്നു പണ്ട് ബിയോളജി ക്ലാസ്സിൽ പഠിച്ച അമീബയുടെയും ജോഗ്രഫി ക്ലാസ്സിൽ പഠിച്ച ഭൂപടങ്ങൾ പോലെയും ആയിരുന്നു ആദ്ത്തെ ചപ്പാത്തികൾ എങ്കിലും അവസാനം ആയപ്പോഴേക്കും പൂർണ ചന്ദ്രനെ പോലെ പരത്താൻ ഞാൻ എക്സ്പേർട് ആയി കാരണം നാലുപേർക്ക് കൂടി പതിനാറെണ്ണം പരത്താൻ വിചാരിച്ച ഞാൻ മാവിലൊഴിച്ച വെള്ളത്തിന്റെ ധാരാളിത്തം കാരണം മുപ്പതു ചപ്പാത്തി വരെ പരത്തേണ്ടി വന്നു. പരത്തി കഴിഞ്ഞ് ഒരുമിച്ച് ചുടാനായിരുന്നു പ്ലാൻ കാരണം ഇൻഡക്ഷൻ കുക്കർ ഒരെണ്ണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിലാണെങ്കിൽ സ്പെഷ്യൽ തക്കാളിക്കറി തിളച്ചു വരുന്നതേ ഉള്ളു ചായപ്പൊടി ഒഴിച്ച് നമ്മുടെ കയ്യിൽ അന്നുണ്ടായിരുന്ന എല്ലാ പൊടികളും ഇട്ട, പിന്നീട് ഉണ്ടാക്കിയ രീതി പറഞ്ഞു കൊടുക്കാൻ പറ്റാത്ത രീതിയിൽ റെഡി ആയി വരുന്ന സ്പെഷ്യൽ തക്കാളിക്കറി. കറി പാകമായി വരുമ്പോഴേക്കും സമയം എട്ടര. ഇനി ചപ്പാത്തി ചുടണം പത്രം ഇന്റെക്ഷൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ തേച്ചു (പാചകത്തിൽ വെളിച്ചെണ്ണ ഉപയോഗിച്ചാൽ ഒരു ഹോംലി ഫീൽ കിട്ടുമെന്നായിരുന്നു അന്നത്തെ വിചാരം )
ചപ്പാത്തി ചുടാൻ വേണ്ടി പരത്തിവച്ച അട്ടി ഒന്ന് തിരിച്ചു വച്ചു പണ്ട് കെമിസ്ട്രി ക്ലാസ്സിൽ പഠിച്ച ബോണ്ടിങ് ആണോ അതോ ഫിസിക്സ് ക്ലാസ്സിൽ പഠിച്ച കോഹിഷൻ ബലമാണോ എന്നറിയില്ല ചപ്പാത്തി കൾ തമ്മിൽ വേർപിരിക്കാൻ പറ്റാത്ത വിധം ഒട്ടിച്ചേർന്നിരുന്നു.ചപ്പാത്തി സ്വപ്നവും ആദ്യ പാചകവും പാളി. അപ്പോഴേക്കും വിശപ്പിന്റെ വിളി അസഹ്യമായിരുന്നു. ആവശ്യമാണ് കണ്ടുപിടിത്തങ്ങളുടെ മാതാവ് എന്ന് ഞാൻ മുൻപ് പറഞ്ഞല്ലോ. വിശപ്പിന്റെ നെല്ലിപ്പലക കണ്ട സഹമുറിയന് ഒരു ഐഡിയ. ഇതൊക്കെ എങ്ങിനെ എങ്കിലും ഒന്ന് വെന്തുകിട്ടിയാൽ മതിയല്ലോ ല്ലേ ഒക്കെ കൂടി വീണ്ടും കുഴച്ചു ചെറിയ ഉണ്ടകളാക്കി വെള്ളത്തിൽ ഇട്ടു പുഴുങ്ങി. അങ്ങനെ അന്ന് നമ്മുടെ അടുക്കളയിൽ സ്പെഷ്യൽ തക്കാളിക്കറിയും ഗോതമ്പുണ്ടയുംഉരുത്തിരിഞ്ഞു വന്നു.
എന്തിരുന്നാലും അന്ന് കഴിച്ച ആ സ്പെഷ്യൽ വിഭവത്തിന് ജീവിതത്തിൽ ഇന്ന് വരെ കഴിച്ച മറ്റുവിഭവങ്ങളെക്കാളും രുചി ഉണ്ടായിരുന്നു പക്ഷെ അന്ന് ആ രുചി കൂടാൻ കാരണം അസഹ്യമായ ആ വിശപ്പായിരുന്നു എന്നുള്ളതാണ് സത്യം..
കുൽസിത കുമാരൻ
Comments
Post a Comment