ദിവ്യഗർഭം

  
അവിഹിത ബന്ധങ്ങളുടെ ഹോൾസെയ്ൽ മാർക്കറ്റ് ആണ് മലയാള സീരിയലുകൾ എന്ന് പലപ്പോഴും തോന്നാറുണ്ട്. മറ്റു ഭാഷ സീരിയലുകൾ ഞാൻ കണ്ടിട്ടില്ല ചിലപ്പോൾ അവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമാവില്ല. (എല്ലാ സീരിയലുകളും അങ്ങനെ ആണെന്നല്ല നല്ല നിലവാരം പുലർത്തുന്ന സീരിയലുകളും ഉണ്ട് ).
          അച്ഛനെ അറിയാത്ത കുട്ടി  അമ്മയെ അറിയാത്ത മകൾ (തിരിച്ചും )വളർത്തമ്മ, അമ്മമ്മ വല്യമ്മ കുഞ്ഞമ്മ രണ്ടുഭാര്യമാറുള്ള ഒരു ഭർത്താവ് രണ്ടു ഭർത്താക്കൻമാരുള്ള ഭാര്യ അച്ഛൻ മുത്തച്ഛൻ വേലക്കാർ അങ്ങനെ അങ്ങനെ സങ്കീർണമായി കെട്ടുപിണഞ്ഞു കിടക്കുന്ന ബന്ധങ്ങളുടെ ശൃംഖലകളാണ് ഓരോ ടെലിവിഷൻ സീരിയലുകളും. 
(ഒരു കലാകാരൻ എന്ന നിലയിൽ ഒരാളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തെ ചോദ്യംചെയ്യുന്നത് ശെരിയല്ല. ഒരു കലാസൃഷ്ടി എന്ന നിലയ്ക്ക് ചില സീരിയലുകൾ ഞാനും കാണാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ വെറുപ്പിക്കലിനൊക്കെ ഒരു പരിധി ഇല്ലേ... )
      ഒരിക്കൽ അമ്മമ്മയുടെ കൂടെ സീരിയൽ കാണാൻ ഇരിക്കേണ്ടി വന്നു.അതുവരെ നടന്ന കഥ അമ്മമ്മ വിവരിച്ചപ്പോൾ പറന്നുപോയ കിളി ഇതുവരെ തിരിച്ചു വന്നിട്ടില്ല. 
          പക്ഷെ ഒരുകാലത്ത് ചില സീരിയലുകൾക്ക് ഒത്തുചേരലിന്റെ മധുരമുണ്ടായിരുന്നു. ചാനെലുകളുടെ അതിപ്രസരം ഇല്ലാത്ത,  ടി വി ഉണ്ടായിരുന്ന വീടുകൾ വിരളമായിരുന്ന സമയം.  ജയ്ഹനുമാനും രാമായണവും ജ്വാലയായ് ഉം ഒക്കെ കാണാൻ ദൂരദർശന്റെ മുന്നിൽ ഒത്തുചേർന്ന അയൽവക്ക കൂട്ടായ്മ. 
     
     ഇനി എന്റെ കഥയിലേക്ക്, - "ഇത് മിസ് കുമാരിയുടെ കഥയാണ് അവളുടെ ദിവ്യഗർഭത്തിന്റെ കഥ,.. മറക്കാതെ കാണുക...... സോറി വായിക്കുക 
        പണ്ട് പണ്ട് പണ്ട് തറവാട്ടിൽ എല്ലാരും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചുവരുന്ന കാലം.................. വീട്ടിലെ ഞങ്ങൾ കുട്ടികളെക്കാൾ അമ്മമ്മ തന്റെ പ്രിയപ്പെട്ട അന്തേവാസികളെ സ്നേഹിച്ചും ലാളിച്ചും വരികയായിരുന്നു (അന്ന് അതിൽ കുറച്ചു നീരസം ഒക്കെ ഉണ്ടായിരുന്നു )
ആയിടയ്ക്കാണ് വീട്ടിലേക്ക് പുതിയ അതിഥി കേറിവന്നത്, വെളുത്ത് മെലിഞ്ഞ ഒരു സുന്ദരി കുട്ടി, വിശന്നു വലഞ്ഞ വന്ന അതിഥിയെ അമ്മമ്മ ഇരുകൈനീട്ടി സ്വികരിച്ചു. വീട്ടിലെ അന്തേവാസികളെ സ്വന്തം മക്കളെ പോലെ നോക്കി വളർത്തിയിരുന്ന അമ്മമ്മയ്ക്ക് ഇവളും സ്വന്തം മോളെ പോലെ ആകാൻ അധികനേരം വേണ്ടി വന്നില്ല. (ഇപ്പറഞ്ഞ അന്തേവാസികളിൽ മിക്കതിനോടും ഞാൻ  അത്ര നല്ല രസത്തിലായിരുന്നില്ല എന്നാലും ഇവൾ എന്റെ പ്രീയപ്പെട്ടവളായിരുന്നു )  ഇവിടെ ഭക്ഷണത്തിന് പഞ്ഞമുണ്ടാകില്ലെന്ന് മനസിലാക്കിയ അവൾ  വീട്ടിൽ സ്ഥിരതാമസമാക്കി.  അമ്മമ്മ ഒരു പേരും ഇട്ടു ''കുമാരി '' അങ്ങനെ വീട്ടിൽ എല്ലാവരുടെയും കണ്ണിലുണ്ണിയായി വളർന്നുവന്ന മിസ്സ്‌ കുമാരി വീട്ടിലെ പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചു കഴിച്ചു  തടിച്ചു കൊഴുത്തു .അങ്ങനെ വന്നു കേറിയവൾ ആയിരുന്നെങ്കിലും പെട്ടെന്ന് തന്നെ  വീട്ടുകാരിയായി. വീട്ടിൽ എവിടെയും അവൾക്ക് സർവ്വ സ്വാതന്ത്ര്യം.   ( എന്തൊക്കെ പറഞ്ഞാലും നല്ല അടക്കവും ഒതുക്കവും ഉള്ളവളായിരുന്നു  മിസ്സ്‌ കുമാരി ) 
‌      ആയിടയ്ക്ക് മിസ് കുമാരിയെ വീട്ടിൽ നിന്നും  മിസ്സായി , ചുരുങ്ങിയ കാലം കൊണ്ട് അമ്മമ്മയുടെ പ്രിയപ്പെട്ടവളായിമാറിയിരുന്ന മിസ് കുമാരിയുടെ മിസ്സിംഗിൽ നമ്മൾ  വിഷമിച്ചിരിക്കുമ്പോൾ ദേ  അവൾ  കുണുങ്ങി കുണുങ്ങി വരുന്നു .ദിവങ്ങൾ പിന്നെയും കടന്ന് പോയി. അവൾ വീട്ടിൽ നിന്ന് ഇടയ്ക്ക് ഇടയ്ക്ക് അപ്രത്യക്ഷ മാവാൻ തുടങ്ങി 
      മുഴുവൻ സമയവും അമ്മമ്മയുടെ പിറകെ ചുറ്റികൊണ്ടിരുന്ന അവളെ പെട്ടന്ന് കുറച്ചു നാൾ കാണാതായത് വീട്ടിലുള്ളവരെ മുഴുവൻ വിഷമത്തിലാക്കിയെങ്കിലും അഞ്ചാറ് ദിവസത്തിന് ശേഷം അവൾ കെടുപാടൊന്നും കൂടാതെ വീട്ടിൽ തിരിച്ചെത്തി. പിന്നീടാങ്ങോട്ടുള്ള ഓരോ അംഗചലനങ്ങളിൽ നിന്നും ദിവസം ചെല്ലും തോറും വളർന്നുവരുന്ന അവളുടെ വയറിന്റെ വലിപ്പം കണ്ടും  ആ നഗ്നസത്യം നമ്മൾ മനസ്സിലാക്കി  മിസ്സ്‌ കുമാരി ഗർഭിണിയായിരിക്കുന്നു.  പക്ഷെ ആരാണ് ഉത്തരവാദിയെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല, നമ്മളുടെ അറിവിൽ അടുത്തെങ്ങും ഒരു ഒരു മിസ്റ്റർ കുമാർ ഇല്ലതാനും. ( അങ്ങിനെ ഒരു മിസ്റ്റർ കുമാരൻ ഉണ്ടെങ്കിൽ നമ്മൾ ആ ബന്ധം നടത്തികൊടുത്ത് രണ്ടാളെയും സ്വീകരിച്ചേനെ )  അമ്മമ്മയുടെ വളർത്തു പുത്രി വഴിതെറ്റിപോയതിൽ അമ്മമ്മയ്ക്ക് വിഷമം ഉണ്ടായിരുന്നെങ്കിലും വീട്ടിൽ വിരുന്ന് വരാൻ പോകുന്ന കുഞ്ഞുങ്ങളെ ഓർത്ത് അതങ്ങ് സഹിച്ചു .
     അങ്ങനെ അവളുടെ പ്രസവ കാലം കടന്നു പോയി...  സുഖപ്രസവത്തിൽ നാല് പേർക് അവൾ ജന്മം നൽകി. 
          ഇനി ഇങ്ങനെ ഒന്നും ഉണ്ടാവാതിരിക്കാൻ മേമയുടെ വീട്ടിൽ നിന്നും ഒരു സുന്ദരനെ കൊണ്ടുവന്നു മിസ് കുമാരിയെ കാൽ പിടിച്ചേല്പിച്ചു. 
     പിന്നീടങ്ങോട് മിസ് കുമാരിയുടെ സന്തതിപരമ്പരകളും അല്ലാതെ വന്ന് ചേർന്ന അതിഥികളും ഒക്കെ ചേർന്ന് വീട്ടിലും  പരിസരത്തും ഒരു വലിയ മാർജാരസാമ്രാജ്യം  തന്നെ അവർ സൃഷ്ടിച്ചു, വിരുന്നുകാരിയായി വന്ന രാജമാത മിസ് കുമാരി അങ്ങനെ ആ മാർജാരവംശത്തിന്റെ കാർണാവരായി പക്ഷെ അവളുടെ ആ ദിവ്യഗർഭത്തിന്റെ അവകാശിയായ ആ ഗന്ധർവൻ അന്നും ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
              ടെലിവിഷൻ സീരിയലുകളെ വെല്ലുന്ന ഇവരുടെ ജീവിത കഥ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ആയി സംഭവബഹുലമായി മുന്നോട്ട് പോകുന്നു..... 

Comments

Popular posts from this blog

മുണ്ട് മാഹാത്മ്യം....

ലിംഗ പുരാണം രണ്ടാം അധ്യായം ( അവസാന ഭാഗം)

ഹംസം..