ചൂടൻ പ്രതികാരം
കുഞ്ഞു കുട്ടികൾ വീട്ടിലുള്ളത് ഒരു പ്രത്യേക രസമാണ്, അവരുടെ കുസൃതികളും സംസാരവും ഒക്കെ ആവുമ്പോൾ സമയം പോകുന്നത് അറിയുകയെ ഇല്ല മാത്രമല്ല ഇവരുടെ ഈ ചെയ്തികൾ ഒക്കെ ടെൻഷൻ മാറാനുള്ള നല്ലൊരു മരുന്ന് കൂടി ആണ് അല്ലേ..? (എല്ലാവരുടെയും കാര്യമല്ല കുഞ്ഞുങ്ങളെ ഇഷ്ടമുള്ളവരുടെ കാര്യമാണ് ട്ടോ..എന്റെ അറിവിൽ കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്തവരായി ആരുമില്ല )കാര്യങ്ങൾ പഠിച്ചു വരുന്ന പ്രായ മായതുകൊണ്ട് തന്നെ അവർക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാകും ചിലതൊക്കെ തമാശയായി കാണാം എങ്കിലും വളരെ ചിന്തിച്ചു ഉത്തരം പറയേണ്ടുന്ന ചോദ്യങ്ങളും ഇവർ ഉന്നയിക്കും അവരുടെ കുരുത്തകേടുകൾ പലതും നമുക്ക് ജീവിതകാലം മുഴുവൻ ഓർത്തു ചിരിക്കാനുള്ള തമാശകൾക്ക് വക നൽകുകയും ചെയ്യും. എന്നാലും ചിലതൊക്കെ നമുക്ക് ക്ഷമിക്കാവുന്നതിലും അപ്പുറം അതിരുകടക്കുന്നവ ആയിരിക്കും. പക്ഷെ എന്ത് ചെയ്യാം കുട്ടി കളായി പോയില്ലേ..
ഇങ്ങനെ ടെൻഷൻ മാറാനുള്ള നല്ലൊരു മാർഗമാണ് വളർത്തുമൃഗങ്ങൾ അഥവാ പെറ്റ്സ് നായകുട്ടിയോ പൂച്ചക്കുട്ടിയോ ലവ്ബേർഡ്സൊ അലങ്കാരമത്സ്യങ്ങളോ എന്തോ ആവട്ടെ ഇവയുടെ കൂടെ സമയം ചിലവിടുമ്പോൾ സമയം പോകുന്നത് അറിയുകയേ ഇല്ല. (നേരത്തെ പറഞ്ഞ പോലെ ഇതിലും ഇവയെഷ്ടപെടാത്ത ഒരു വിഭാഗം ഉണ്ടെങ്കിലും ഭൂരിഭാഗവും ഇഷ്ടപെടുന്നവരാണ് അല്ലേ..)
ചിരകാല സ്വപ്നസാഫല്യമെന്നോണം ഒരുപാട് കാത്തിരിപ്പിന് ശേഷം ഞാനും ഉണ്ടാക്കിയിരുന്നു അസ്സലൊരു ആക്യോറിയം നിറയെ വെളുത്ത മാലാഖ മത്സ്യങ്ങൾ ഉള്ള വലിയൊരു ചില്ലുപെട്ടി. കിട്ടാവുന്നതൊക്കെ വച്ചു അലങ്കരിച്ചും വച്ചിരുന്നു. ആരുകണ്ടാലുംഅത്ഭുതപെടും വിധമൊരുക്കിവച്ച ആ ചില്ലുപെട്ടിയിൽ എന്റെ കൂട്ടുകാർക്കൊക്കെ ഒരു കണ്ണുണ്ടായിരുന്നു (അതിൽ പലതും കരിങ്കണ്ണായിരുന്നു എന്നെനിക്ക് പിന്നീടാണ് മാമസ്സിലായത് )
നേരത്തെ പറഞ്ഞ പോലെ എന്റെ വീട്ടിലും ഉണ്ടായിരുന്നു കുരുത്തകേടിന്റെ ഹോൾസെയിൽ ഡീലർ (ഇപ്പൊ ഇല്ല എന്നല്ല അവൾ വളരുന്നതനുസരിച്ച് കുരുത്ത കേടുകളും കുറഞ്ഞു വന്നിരുന്നു )നമ്മൾടെ ചക്കര.., ചക്കരേ ന്നൊക്കെ വിളിക്കുമെങ്കിലും അൺസഹിക്കബിൾ ആയിരുന്നു അവളുടെ പ്രവർത്തികൾ. കൊച്ചു കുഞ്ഞാണ് എന്ത് ചെയ്‌യാലും ആരും ശിക്ഷിക്കില്ല എന്ന പരിഗണന നന്നായി ചൂഷണം ചെയ്യുന്ന ഒരു പാവം. സ്വിച്ച് ഇട്ടപോലെ സൈറൺ മുഴക്കാൻ കഴിവുള്ള ഒരു കുരിപ്പ്. അങ്ങനെ അവളുടെ വികൃതി കളുടെ വീരപരമ്പര തുടർന്ന്കൊണ്ടിരിക്കുന്ന സമയം ആര് എന്ത് ചെയ്യുന്നുണ്ടെങ്കിലും അവൾക്കും അത് ചെയ്യണം, എല്ലാം അവൾക്കും വേണം.
ഒരിക്കൽ അമ്മ തുണികഴുകികൊണ്ടിരിക്കുമ്പോൾ ദേ വരുന്നു അവൾ.. അവള്ക്കും കൂടെ കഴുകണം... വാശി സഹിക്കാൻ പറ്റാതായപ്പോൾ ഒരു ചെറിയ കുപ്പിയിൽ ഉജാല കലക്കിയ വെള്ളം കൊടുത്ത് അവളുടെ ശ്രദ്ധ തിരിച്ചു വിട്ടു. വളരെ ബുദ്ധി പൂർവ്വം അമ്മ അവളുടെ ശല്യം ഒഴിവാക്കി . 'ഹായ് നീല വെള്ളം ' അമൂല്യമായ എന്തോ ഒന്ന് കിട്ടിയപോലെ അവളത് ഓടിനടന്ന് എല്ലാവരെയും കാണിച്ചു കൊടുത്ത് തുള്ളിച്ചടി നടന്നു രണ്ട് ദിവസം അത് താഴെ വച്ചതെ ഇല്ല..
അങ്ങനെ ഒരുദിവസം ഞാൻ ക്ലാസ്സ് കഴിഞ്ഞ് വരാൻ ഇത്തിരി താമസിച്ചു അന്ന് പതിവില്ലാതെ ഉമ്മറത്ത് കാത്ത്നിൽപുണ്ടായിരുന്നു നമ്മുടെ കഥയിലെ നായിക ചക്കര "ഏട്ടാ ഒന്ന് കാണിച്ചു തരാലോ"ന്ന് പറഞ്ഞ് എന്നേം പിടിച്ച് നമ്മുടെ അക്വാറിയത്തിന് അടുത്തെത്തി "ദേ നോക്കിയേ "
നോക്കുമ്പോഴതാ അക്വാറിയത്തിൽ നീല വെള്ളം എന്റെ മാലാഖ മത്സങ്ങൾ എല്ലാം ചത്തു പൊന്തിയിരിക്കുന്നു.
ആറ്റു നോറ്റ് പോറ്റി വളർത്തിയ മീൻ കുഞ്ഞുങ്ങളെ വളരെ ദയനീയമായി കൊന്ന ആ കുരിപ്പിനോട് എനിക്ക് ക്ഷമിക്കാൻ കഴിഞ്ഞില്ല. കുഞ്ഞാണെന്നുള്ള പരിഗണന മറന്ന് ചന്തിക്ക് നല്ല നുള്ള് വച്ചുകൊടുത്തു (ദേഷ്യം വരുമ്പോൾ പിച്ചി എന്നൊന്നും പറയാൻ പറ്റൂല നമ്മൾ ഇവിടെ ഒക്കെ നുള്ളുക എന്നാണ് പറയാറ് ).
പെട്ടെന്ന് തന്നെ അവൾ സൈറൺ മുഴക്കി തുടങ്ങി വീട്ടിലെല്ലാവരും ഓടിക്കൂടി അവളുടെ ആ ക്രൂരകൃത്യം കണ്ട് അന്തംവിട്ട എല്ലാവരും അവൾക്കിട്ട് ഒന്ന് കൊടുത്തതിൽ എന്നെ കുറ്റം പറഞ്ഞെ ഇല്ല പകരം ഇടയ്ക്കൊന്ന് കൊടുക്കണം ന്ന് എന്റെ കൂടെ നിന്നു.
പക്ഷെ കഥ ഇവിടംകൊണ്ടൊന്നും നിക്കുന്നില്ല. പ്രതികാരം അത് വീട്ടാനുള്ളതാണ് പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു ഞാൻ സാധാരണ ഉണരാൻ ഇത്തിരി വൈകും. തലേന്നത്തെ സംഭവത്തിന് ശേഷം ചില്ലുപെട്ടി ക്ലീൻ ചെയ്ത് ഉറങ്ങാൻ വൈകിയത് കാരണം കുറച്ചധികം നേരം കൂടുതൽ ഉറങ്ങാം എന്ന് കരുതിയ എന്റെ നെഞ്ചത്ത് മൂത്രമൊഴിച്ച് ചന്തിക്ക് കിട്ടിയതിന്റെ പ്രതികാരം തീർത്തിരുന്നു. ആ ചൂടുള്ള നനവാണ് അന്ന് എന്നെ ഉണർത്തിയത്.
പിന്നീടങ്ങോട്ട് നാണം എന്ന വികാരം ഉണ്ടാകുന്ന കാലം വരെ ആ ജലപീരങ്കിയായിരുന്നു അവളുടെ ആയുധം. ആര് വഴക്ക് പറഞ്ഞാലും ശിക്ഷിച്ചാലും ഒക്കെ അവൾ ജലാപീരങ്കി പ്രയോഗിച്ചു പ്രതികാരം വീട്ടി കൊണ്ടേ ഇരുന്നു.....
Comments
Post a Comment