സൗന്ദര്യലഹരി
സൗന്ദര്യം ആസ്വദിക്കുന്ന ആൺകുട്ടികൾക്ക് സമൂഹം പൊതുവെ കല്പിച്ചുകൊടുത്തിട്ടുള്ള പേരുകൾഉണ്ടല്ലോ വായിനോക്കികൾ അഥവാ കോഴികൾ..തിരിച്ച് ആൺകുട്ടികളെ നോക്കി ദഹിപ്പിക്കുന്നപെൺപിള്ളാരും ഒട്ടും കുറവല്ല.
സ്വതവേ പെണ്ണുങ്ങളാണ് സൗന്ദര്യ സംരക്ഷണത്തിന് ഉള്ള കുറുക്കുവഴികളും പൊടികൈകളും ചെയ്യുന്നത് എന്നാണ് ധാരണ. എങ്കിൽ,സൗന്ദര്യ സംരക്ഷണ കാര്യങ്ങളിൽ ആണുങ്ങളും ഒട്ടും മോശമല്ല പ്രത്യേകിച്ച് വിവാഹം കഴിയാത്ത ആണുങ്ങൾ..
വായിനോക്കുന്നതിനേക്കാളും ഇഷ്ടം വായി നോക്കപ്പെടുന്നത് തന്നെ യാണ്. അതുകൊണ്ട് തന്നെ സൗന്ദര്യം സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യകാര്യം തന്നെയാണ്.
സൗന്ദര്യ സംരക്ഷണകാര്യങ്ങളിൽ ഞാനും ഒട്ടും മോശമല്ല എങ്കിലും, മരുന്ന് കുടിക്കുന്നത് പോലെ ഭക്ഷണത്തിനു മുൻപും ശേഷവും സ്വന്തം സൗന്ദര്യസംരക്ഷണാതി കാര്യങ്ങൾ ചെയ്യുന്ന, എത്ര പെൺപിള്ളേരെ വേണമെങ്കിലും ഒരേ സമയം തന്റെ പ്രണയ വലയിൽ വീഴ്ത്താനും മാത്രം പ്രാപ്തിയുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക് നമ്മളൊക്കെ പി കെ (പുഷ്‌പേഷ് കുമാർ ) എന്ന് സ്നേഹത്തോടെ വിളിക്കുന്ന പ്രതീഷ്..
മുഖത്തുവെയിൽ തട്ടത്തിരിക്കാനെന്ന വണ്ണം സൺഷെയ്ഡ് തീർത്ത പോലെ മുടി ചീകി നടക്കുന്ന, 'ഫെയർ ആൻഡ് ലൗലി' സോറി 'ഗ്ലോ ആൻഡ് ലൗലി' യുടെ മന്ത്ലി പാക് ഒരാഴ്ച കൊണ്ട് തീർക്കുന്ന, ഉന്മേഷത്തിന്റെ അമിട് മാത്രം പോര പിതാമഹാന്മാർ കൈമാറി തന്ന ഉമിക്കരികൂടി ഉണ്ടായാലേ പല്ലിനുദേശിച്ച തിളക്കം കിട്ടു എന്നും പറഞ്ഞ് പല്ല് തേപ്പിന് തന്നെ മണിക്കൂറുകൾ എടുക്കുന്ന സ്വന്തം പുഷ്‌പേഷ് കുമാർ.
അങ്ങനെ ടിയന്റെ പ്രണയ ലീലകൾ തുടർന്ന് കൊണ്ടിരിക്കുന്ന സമയം പ്രണയിനികളുടെ എണ്ണം വർധിച്ചു വർധിച്ചു വരുന്നുണ്ടെങ്കിലും, ആയിടയ്ക്ക് നാട്ടിൽ താമസം മാറിവന്ന ഒരു വീട്ടിലെ മൂത്ത കുട്ടിയെ നമ്മൾ കൂട്ടുകാരെല്ലാവരും മത്സരവേശത്തോടെ ചൂണ്ടയിട്ടു കാത്തിരിക്കുന്ന സമയം. ഇതുവരെ കണ്ടതൊക്കെ എന്ത് എനിക്ക് ഈ കുട്ടിയെ മതി എന്നും ബാക്കിയൊക്കെ ഇവിടെ വച്ച് നിർത്താമെന്നും പ്രതിജ്ഞചെയ്തതിന്റെ പിറ്റേദിവസം അപ്രതീക്ഷിതമായി നമ്മളെ ഒക്കെ നിരാശപെടുത്തി കൊണ്ട് ആൽത്തറയുടെ അടുത്തുള്ള ഇടവഴിയിൽ വച്ച് ടിയന്റെ പ്രണയഭ്യർത്ഥന പുള്ളിക്കാരി സ്വീകരിച്ചു.
എന്തായാലും പോയത് പോയി കിട്ടാനുള്ളവന് കിട്ടി. ആഘോഷിക്കാൻ ഓരോരോ കാരണങ്ങൾ നോക്കിയിരുന്ന നമുക്ക് ഇതൊരു കാരണമായി...
ആഘോഷമേതായാലും പച്ച ബിയർ അത് നിർബന്ധം. ( പച്ച ബിയറിൽ പ്രത്യേകമായി എന്തോ ഉണ്ടെന്ന് വിശ്വസിച്ചിരുന്ന കാലം.. ഹാ... അതൊക്കെ ഒരു കാലം )
അങ്ങനെ ബിയർ കഴിപ്പ് തുടങ്ങി മെമ്പോടിയായി സൗന്ദര്യവർണനകളും ഒരിത്തിരി അടൽസ് ഒൺലി കഥകളുമൊക്കെ ആയപ്പോൾ കാര്യങ്ങൾ വേറെ ലെവൽ.. കുപ്പികളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു ഒരെണ്ണമായി മാറി. ചായകുടിച്ച പാത്രം കഴുകാതെ ഉപയോഗിക്കാറില്ലെങ്കിലും മദ്യത്തിന് ആ വിധം അയിതമൊന്നുമില്ല.. ബാക്കി വന്ന ഒരെണ്ണം പങ്കിടാൻ തന്നെ തീരുമാനിച്ചു ആദ്യ അവസരം പി കെ ക്ക് തന്നെ കൊടുത്തു പക്ഷെ രണ്ടാമത്തെതിന് തർക്കമായി... ആസ്വദിച്ച് ആദ്യ കവിൾ കുടിച്ചുകൊണ്ടിരുന്ന അവന്റെ കയ്യിൽ നിന്ന് മതിയെടാ എന്നും പറഞ്ഞ് പിടിവലി ആയി ഒരു കവിൾ മുഴുവനാക്കാതെ വിട്ടുകൊടുക്കാൻ അവനും തയ്യാറായില്ല. പിടിവലിക്ക് ഇടയിൽ ഒരുത്തൻ കുപ്പിയിൽ ആഞ്ഞൊരു തള്ള്.....
ദേ കിടക്കുന്നു പുഷ്‌പേഷ് കുമാർ നിലത്ത്, കൂട്ടത്തിൽ ആ പച്ച ബിയറും..
അന്ന് നമുക്ക് നഷ്ടമായത് ഒരു പച്ച ബിയർ ആണെങ്കിൽ പി കെ ക്ക് ആ പിടിവലിയിൽ നഷ്ടമായത് അവൻ പൊന്ന് പോലെ നോക്കി വന്നിരുന്ന പല്ലുകളിൽ മുൻ നിരയിലെ ഒന്നിന്റെ പാതി ആണ്. അന്നകത്ത് ചെന്ന ബിയറിന്റെ ഓളത്തിന് ആ സംഭവം അപ്പൊ ആരുടേയും കണ്ണിൽ പെട്ടില്ല എങ്കിലും പിറ്റേന്ന് രാവിലെ കണ്ണാടി നോക്കിയ പി കെ ഹൃദയം നുറുങ്ങുന്ന ആ കാഴ്ച കണ്ട് പൊട്ടി കരഞ്ഞു കാണണം..
വളരെ വാചാലനായിരുന്ന പി കെ പിന്നീട് വിരളമായി മാത്രമേ സംസാരിച്ചു കണ്ടിട്ടുള്ളു (വെപ്പ് പല്ല് വയ്ക്കുന്നത് വരെ ).. പ്രണയിനികളുടെ കാര്യം എന്തായി എന്ന് പിന്നീടാരും അന്യോഷിച്ചുമില്ല അവനൊട്ട് പറഞ്ഞതുമില്ല.......
കുൽസിത കുമാരൻ
Comments
Post a Comment