ചെന്നിനായകം..

"ഉയ്യ് എനീം നിർത്തീറ്റ...... ഉസ്‌കൂളിൽ പോകാനായില്ലേ പ്പാ "
 ചേക്കുട്ടി അമ്മ കുറച്ചു നാളായി പാറു അമ്മമ്മയുടെ അടുത്ത് ഈ ചോദ്യം ചോദിക്കാൻ തുടങ്ങീട്ട്.
 "ഞാനിപ്പം എന്ത്ന്ന് ചെയ്യാനാ ചേക്കുട്ട്യേ.. ഓൾക്ക് മാസം മൂന്നാവാനായി"
        അമ്മമ്മയ്ക്ക് ഇപ്പൊ ഈ ഒരു ചിന്ത മാത്രേ ഉള്ളു പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും എന്റെ മുലകുടി നിർത്താൻ പറ്റിയിട്ടില്ല. വീട്ടിലെല്ലാവരും, ചില അയൽവക്കക്കാരും ഇതേ കാര്യം പറഞ്ഞ് എന്റെ പിന്നാലെ കൂടിയിട്ട് ദിവസങ്ങൾ കുറച്ചായി.ഞാൻ മുലകുടി 'നിർത്തിയില്ലെങ്കിൽ ഇക്കൂട്ടർക്ക് എന്താണ് ഞാൻ എന്റെ അമ്മയുടെ മുലയല്ലേ കുടിക്കുന്നത്... ഞാൻ നിർത്തൂല ' എന്ന മട്ടിൽ ഞാനും.
        വൈകിട്ട് പണികഴിഞ്ഞ് വന്നാൽ അച്ഛന്റെ വക കാര്യങ്ങൾ ഉപദേശത്തിന്റെ സ്വരത്തിൽ ആണ്
        " കുട്ടാ നീ വെല്ല്യകുഞ്ഞിയായി ഇനീം മൊലകുടിച്ചോണ്ട് ഉറങ്ങികൂടാ.. ഉസ്‌കൂളില് പോഉമ്ബം ചെങ്ങായിമാരെല്ലം കളിയാക്കും "
        പക്ഷെ എന്ത് ചെയ്യാൻ ഇത്വായിലിട്ട് നുണയാതെ (മുലപ്പാൽ കിട്ടുന്നില്ല എങ്കിൽ കൂടി ) എനിക്ക് ഉറങ്ങാൻ പറ്റില്ല.
        അച്ഛന്റെ വക ഉപദേശങ്ങൾ ആണെങ്കിൽ അമ്മയുടെ വക കാര്യങ്ങൾ ചിലപ്പോൾ ദേഷ്യത്തിന്റെയും മറ്റുചിലപ്പോൾ സഹതാപത്തിന്റെയും സ്വരത്തിലായിരിക്കും.
        ആരെന്ത് പറഞ്ഞാലും, തടഞ്ഞാലും ഒന്നും ഒരു കാര്യവുമില്ല എന്റെആവശ്യങ്ങൾ നടത്തിഎടുക്കാനുള്ള ഒരുവിദ്യ എനിക്ക് വശമുണ്ട്.. വാശി, കിടന്നങ്ങ് കരയുക പലകാര്യങ്ങളും വീട്ടിലുള്ളവർ നടത്തിതന്നിരുന്നതും എന്റെ ഈ സൈറൺ സഹിക്കവയ്യാതെയാണ്.
        ഇനി അച്ഛന്റെയും അമ്മയുടെയും സ്വരം ഇങ്ങിനെ ഒക്കെ ആണെങ്കിലും ഇളയമ്മമാരുടെ കാര്യം മറിച്ചാണ് കളിയാക്കലിന്റെ സ്വരമാണ് അവർക്ക്.
        " അയ്യേ ചെക്കൻ കല്യാണം കയിക്കാറായി എന്നിറ്റും നിർത്തീറ്റ അയ്യേ അയ്യയ്യേ "
        ഇമ്മാതിരി കളിയാക്കലുകളൊന്നും എന്നെ ലവലേശം ബാധിക്കാറില്ല.
        ഇനി മാമന്മാർക്ക് ഇതിൽ ഭീഷണിയുടെ സ്വരമാണ്
        "ഡാ ചെക്കാ വേം നിർത്തിക്കോ... ഞാൻ നിന്റെ അങ്കൻവാടീലും ചങ്ങായിമാരോടും അമ്മൂനോടും എല്ലാം പറഞ്ഞ് കൊടുക്കും.. കെടക്കേല് മൂത്രൊയിക്കുന്നതും മുലക്കുടിക്കാതെ ഒറങ്ങൂല എന്നും എല്ലം "
        എനിക്ക് എന്ത് ഭീഷണി വന്നിരിക്കുന്നു ഇതൊന്നും ഞാൻ കാര്യമാക്കാറേ ഇല്ല.
        ഇങ്ങനെ ഒക്കെ ആണെങ്കിലും പാറു അമ്മമ്മയ്ക്ക് എന്നും സ്നേഹത്തിന്റെ ഭാഷ മാത്രമേ അറിയൂ.
        " ഏ കുഞ്ഞീ..... ഇനീം മൊലകുടിക്കാമ്പാടില്ല... കുഞ്ഞി വെൽതായില്ലേ ഇനീം കുടിച്ചാ അമ്മേന്റെ വയറ്റിലെ കുഞ്ഞിവാവക്ക് കുടിക്കാൻ ഇണ്ടാവൂല... പാവല്ലേ മോന്റെ വാവ ഐനും കുടിക്കണ്ടേ.... "
        ഇങ്ങനെ ഒക്കെ ആണ് അമ്മമ്മയുടെ രീതി
        എന്നിട്ടും ഫലമൊന്നും ഉണ്ടായില്ലന്ന് കണ്ടപ്പോൾ കിടക്കാൻ നേരത്ത് അമ്മമ്മ കുറെ കഥകളുമായി വരും എന്നെ സ്വാധീനിച്ച് മാറ്റി കിടത്തി ഉറക്കാൻ പക്ഷെ ആ ശ്രമവും പരാജയപെട്ടു.
        പകൽ മുഴുവൻപറമ്പിലും പാടത്തും ഒക്കെ നടന്നും, പശുവിന്റെയും കോഴികളുടേയും കാര്യങ്ങൾ നോക്കിയും, ഉണങ്ങാനിട്ട നെല്ലിന് കാവലിരുന്നും, വാളൻ പുളിയിൽനിന്നും അമ്മമ്മ വേർതിരിക്കുന്ന പുളിങ്കുരു ശേഖരിച്ചും അമ്മമ്മയുടെ കൂടെ തന്നെ ആയിരിക്കും. എല്ലാത്തിനും അമ്മമ്മവേണം പക്ഷെ ഈ ഉറക്കകാര്യത്തിന് മാത്രം അമ്മതന്നെ വേണം.
        ഇങ്ങനെ എന്റെ മുലകുടി ഗംഭീരപ്രശ്നമായി മാറിക്കൊണ്ടിരിക്കുമ്പോഴാണ് അമ്മമ്മ പത്തൊൻപതാമത്തെ അടവുമായി വന്നത്.
        പകൽ മുഴുവനുമുള്ള കളിയും കാര്യപരിപാടികളും കഴിഞ്ഞ് രാത്രി ഭക്ഷണവും കഴിച്ച് ഉറങ്ങാനുള്ളവട്ടം കൂട്ടുന്ന നേരത്താണ് അമ്മമ്മയും അമ്മയും എന്തോ രഹസ്യം പറയുന്നതും എന്തോ ഒന്ന് കൈമാറുന്നതും കണ്ടത് പക്ഷെ അപ്പോൾ ഞാനറിഞ്ഞിരുന്നില്ല അതെനിക്കുള്ള പണിയാണെന്ന്..
        മുലയിൽ ചെന്നിനായകവും പുരട്ടി അമ്മ വിളിച്ചു   "കുട്ടാ വാ ഒറങ്ങാല "
        പതിവില്ലാത്ത ആ വിളിയിൽ  എനിക്ക് സംശയം തോന്നിയതുമില്ല.
        മധുരമുള്ള സ്വപ്നങ്ങൾ കണ്ടുറങ്ങാൻ ഓടിച്ചെന്ന അന്ന് ഞാൻ നുണഞ്ഞത് ചെന്നിനായകത്തിന്റെ കയ്പ്നീരായിരുന്നു. അന്ന് നിർത്തിയതാണ് എന്റെ ആ ശീലം. ആ കൈപിന്റെ ഓർമയിൽ പിന്നീടൊരിക്കലും അങ്ങനെ ഒരു ചിന്ത കടന്ന്കൂടിയതുമില്ല.
        കാലങ്ങൾക്ക് ഇപ്പുറത്ത് ഈ കാര്യങ്ങൾ ഓർക്കുമ്പോൾ ഒരു കാര്യം പറയാതെ വയ്യ.
     "മരണം ചെന്നിനായകം പോലെ ആണ്
     നുണയാൻ കൊതിക്കുന്ന ഓർമകളിൽ
     അത് കയ്പ്പ്നീര് പടർത്തും
     അന്നും ഇന്നും അത് ചെയ്തത്
     അമ്മമ്മ ആയിരുന്നു..."

കുൽസിത കുമാരൻ

Comments

Post a Comment

Popular posts from this blog

മുണ്ട് മാഹാത്മ്യം....

ലിംഗ പുരാണം രണ്ടാം അധ്യായം ( അവസാന ഭാഗം)

ഹംസം..