കാക്കപ്പൂക്കൾ കഥ പറയുന്നു......



           പൂവിളികൾകേട്ട് പുഞ്ചിരിച്ചു കൊണ്ടായിരിക്കില്ല  ഇരുമ്പാനകളുടെ അലർച്ചകേട്ട് പേടിച്ചരണ്ടായിരിക്കണം ഈ പ്രാവശ്യം കാക്കപ്പൂക്കൾ കണ്ണുതുറന്നത്. അതുകൊണ്ടായിരിക്കണം കാക്കപ്പൂക്കൾക്ക് പഴയ നീലനിറമില്ല. വിളറിവെളുത്ത് ഇളംനീലനിറത്തിൽ അവഎന്നെ നോക്കി മടിച്ചു മടിച്ചു പുഞ്ചിരിച്ചു. 
            പണ്ടൊക്കെ മാടായിപ്പാറ എന്നുകേട്ടാൽ തന്നെ ഏക്കറുകളോളം പരന്നുകിടക്കുന്ന കാക്കപ്പൂക്കളാണ് മനസ്സിലെത്തുക. പൂക്കളംനിറക്കാൻ ഞാനും വന്നിട്ടുണ്ട് - കുറുക്കൂട്ടി ഇലയിൽ ഈർക്കിൽ കൊണ്ട് കുമ്പിൾ കുത്തി പൂക്കളിറുക്കാൻ.. നേരം വൈകും വരെ അവപൂക്കളത്തിൽ ചിരിച്ചുകൊണ്ട് കുശലം പറഞ്ഞു വാടാതെ ഇരുന്നിരുന്നു... അന്നൊന്നും അവർ എന്നോട് പരാതി പറഞ്ഞിട്ടില്ല.
            പക്ഷെ ഇന്നെന്തുപറ്റിയാവോ വെയിലൊന്ന് മൂക്കുമ്പോഴേക്കും അവർ വാടി തളരുന്നു...
           ഉച്ച തിരിഞ്ഞെങ്കിലും ചൂട് മൂർധന്യവസ്ഥയിൽ നിന്ന് ഒരുതരി താഴോട്ട് പോയിട്ടില്ല.. കിഴക്കോട്ട് തണൽ വിരിച്ച പൂരകടവിലെ കൽതൂണിനടുത്തേക്ക്  ഞാൻ നടന്നു . തൂണിന് ചുവട്ടിൽ ഇരുന്നു .. വിശകുന്നുണ്ട് പക്ഷെ വീട്ടിലേക്ക് പോകാൻ തോന്നിയില്ല ഇനി ഉച്ചയൂണും വൈകിട്ടത്തെ ചായയും ഒക്കെ ഒരുമിച്ചാവാം..
           ഇറ്റിറ്റിപുള്ളുകളും മാടയിയെ വിട്ടിട്ട് പോയോ..? ഞാൻ ഒന്ന് കണ്ണോടിച്ചു നോക്കി.. ഏതോ വിനോദയാത്ര സംഘം കഴിച്ചുവലിച്ചെറിഞ്ഞ ഭക്ഷണപൊതികളിൽ നിന്ന് അന്നം തിരിയുന്ന കാക്കകളെ മാത്രമാണ് കാണാൻ കഴിഞ്ഞത്..
           "കുട്ടാ..." വിളി കേട്ട് ഞാൻ ചുറ്റും നോക്കി ആരെയും കണ്ടില്ല... വീണ്ടും"കുട്ടാ.." എന്ന വിളി......
           അത് കാക്ക പൂക്കൾ ആയിരുന്നു .. പതുക്കെ കൽതൂണിന് ചുവട്ടിലേക്ക് ചാഞ്ഞു കിടന്നു ,കാക്കപ്പൂക്കൾക്ക് ചെവി കൊടുത്തുകൊണ്ട്!.
           " എനിക്ക് പേടി ആവുന്നുണ്ട്.. ഇരുമ്പാനകൾ മാടയിയെ കീറിമുറിക്കുന്നത് കേട്ടിട്ട്.. അവിടുനും ഇവിടുന്നും ഒക്കെ കാർന്നു കാർന്ന് ഇവർ എന്തിനുള്ള പുറപ്പാട് ആണാവോ.... ചിറകുണ്ടെങ്കിൽ ഞാനും പുള്ളുകളോടൊപ്പം പറന്നു പോയേനെ...
           മാടായി ആകെ മാറിപ്പോയി പൂക്കൂടകളുമായി ആരും വരാറെ ഇല്ല.. മാരിതെയ്യങ്ങൾ ഉറഞ്ഞു തുള്ളാറില്ല .. കല്പന്തുകളിക്കാരുടെ ആർപ്പുവിളികളും കേൾക്കാറെ ഇല്ല..
           പക്ഷെ ഇന്നലെ ആർപ്പുവിളികളും അട്ടഹാസങ്ങളുമായി വന്ന നാല് ചക്ര ശകടം ഞങ്ങളിൽ കുറെ പേരെ ഞെരക്കി കൊന്നു.. പച്ചതുള്ളനും കുഞ്ഞീചകളും സങ്കടങ്ങൾ പറഞ്ഞ് എങ്ങോട്ടോ ചാടി പോയി. മേയാൻ വന്ന അമ്മിണി പൈയ്യ്‌ പ്ലാസ്റ്റിക് തൊണ്ടയിൽ കുരുങ്ങി ചത്തതിൽ പിന്നെ പൈക്കളും ഈ വഴിക്ക് വരാതായി. അങ്ങേ തലക്കലെ ആലിൻ കൊമ്പിലെ വവ്വാലുകളും മൊബൈൽ സിഗ്നലുകളെ പേടിച്ചു  എങ്ങോട്ടോ പറന്നു പോയി ചിലർ ലൈൻ കമ്പികളിൽ തൂങ്ങി ആത്മഹത്യ ചെയ്തു........
ഇപ്പം ഞാൻ തനിച്ചായി ......."
           മൊബൈൽ ഫോണിന്റെ റിങ്ടോണ് കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത് സമയം ആറു കഴിഞ്ഞിരിക്കുന്നു.. ഏഴി മലകൾക്ക് അപ്പുറത്ത് എട്ടിക്കുളം കടപുറത്തിനും അപ്പുറത്ത് നിന്ന് സൂര്യൻ കാക്ക പൂക്കൾക്ക് മുകളിൽ അരുണവർണം പടർത്തിയിരിക്കുന്നു... ഇനി പെട്ടെന്ന് ഇരുട്ടും ... കാക്കപ്പൂക്കളുടെ പിൻവിളിക്ക് കാതോർത്തുകൊണ്ട് ഞാൻ തിരിഞ്ഞുനടന്നു.. മാടയിയെ കീറി മുറിച്ചു കൊണ്ട് ഇരുമ്പാനകൾ അപ്പോഴും അലറുന്നുണ്ടായിരുന്നു.. ഇനി കാക്ക പൂക്കളും മാടയിയോട് വിടപറയും.............

കുൽസിത കുമാരൻ

Comments

Popular posts from this blog

മുണ്ട് മാഹാത്മ്യം....

ലിംഗപുരാണം ഒന്നാം അധ്യായം

*അങ്ങനെ ഒരു അവധി കാലത്ത്*