സ്വപ്ന സഞ്ചാരി


    ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം അത്യാവശ്യമാണ്. പക്ഷെ അത്യാവശ്യത്തിന് മാത്ര മാണോ എല്ലാവരും ഉറങ്ങുന്നത്?. എല്ലാവരുടെയും കാര്യം അറിയില്ല ഞാൻ ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ഉറങ്ങും, അതായത് ഉറക്കം എന്റെ ഒരു വീക്നെസ്സ് ആണ് അതിന് സമയക്രമം ഒന്നും തന്നെ ഇല്ല. കിടന്നും ഇരുന്നും നിന്നും വേണമെങ്കിൽ നടന്നും ഞാൻ ഉറങ്ങും ചൂടോ തണുപ്പോ ഒരു വിഷയമേ അല്ല (പക്ഷെ കൊതുക് ഒരു വിഷയമാണ് ) ഇനി ഭൂമി കുലുങ്ങിയാലും ഈ കേളൻ കുലുങ്ങൂല.
    വടക്കൻ കേരളത്തിൽ മാത്രം കണ്ട് വരുന്ന ഒരു പ്രത്യേകതരം പാതിരാ കാറ്റുണ്ട് അതെന്റെ കർട്ടനുകളിൽ തട്ടിതടഞ്ഞുവന്നാലുണ്ടല്ലോ പിന്നെ ഒരുറക്കമാണ് ചുറ്റിലുള്ളതൊന്നും അറിയാത്ത ഉറക്കം, അത്കൊണ്ട് തന്നെ രാവിലെ വാതിലിൽ മുട്ടി വിളിക്കാതെ ആരും റൂമിലേക്ക് തള്ളി തുറന്ന് വരരുതെന്ന് ഞാൻ വിലക്കിയിട്ടുണ്ട് കാരണം വളരെ സ്വതന്ത്രനായി ഉറങ്ങാൻ ആഗ്രഹിക്കുന്ന ഞാൻ രാവിലേ ഉണരുമ്പോൾ അരയ്ക്ക് കീഴ്പോട്ട് തലയെന്ന് ഭദ്രമായി ചുറ്റി കെട്ടിവച്ച ആ മറ ഒരിത്തിരി അങ്ങോട്ടോ ഇങ്ങോട്ടോ അല്ല പൂർണമായും മാറിയിരിക്കും.. ഒരു സ്വപ്ന സഞ്ചാരി ആയത്കൊണ്ട് തന്നെ അപ്പോഴേക്കും എന്റെ അവസ്ഥ ഊഹിക്കാവുന്നതിലും അപ്പുറത്ത് ആയിരിക്കും.
    ഉറക്കമാഹതമ്യ കഥകൾ വിവരിച്ചു തുടങ്ങിയാൽ നിർത്താൻ തോന്നുകയില്ല അത്തരത്തിൽ ഉള്ള ഒരു പ്രത്യേക തരം അഭേദ്യമായ ബന്ധമാണ് ഞാനും ഈ മഹാനും തമ്മിൽ..
    ക്ലാസ് മുറികളിലെ നാലുചുവരുകൾക്കിടയിൽ കർണനും നെപോളിയാനും ഭഗത് സിംഗും സെറിബ്രവും സെറിബെല്ലവും അരങ്ങു തകർക്കുമ്പോൾ മുൻബെഞ്ചിലിരുന്ന് ആസ്വദിച്ചുള്ള ഉറക്കം പലപ്പോഴും സ്കൂൾ വരാന്തയിലെ ക്ലാസ് റൂം കാവൽ കാരനായുള്ള സ്ഥാനകയറ്റത്തിന് കാരണമായിട്ടുണ്ട്.. ഇത്തരത്തിലുള്ള പണിഷ്മെന്റുകൾ ഒന്നും തന്നെ ഏറ്റുവാങ്ങാതെ അധ്യാപകരെ കബളിപ്പിച്ച് കൊണ്ട് കണ്ണുതുറന്ന് ഉറങ്ങുന്നവരോട് ഒരുചോദ്യം "എങ്ങിനെ സാധിക്കുന്നെഡോ"...
    ലക്ഷ്യസ്ഥാനത്തേക്കുള്ള എന്റെ പലയാത്രകളിലും നമ്മുടെ ഈ മഹാൻ വില്ലനായിട്ടുണ്ട്, ബസ്സിൽ കയറിയാൽ പലരും സൈഡ് സീറ്റിന് വേണ്ടി വാശി പിടിക്കുന്നത് പുറംകാഴ്ചകളോടുള്ള അമിതമായ ആവേശം കൊണ്ടൊന്നുമായിരിക്കില്ല, ബസ് ജനാലകൾ വഴി കടന്നു വരുന്ന ഇളം തെന്നലേറ്റ് മയങ്ങാൻ തന്നെ ആയിരിക്കും. ആ മയക്കങ്ങൾ പലപ്പോഴും എന്റെ ലക്ഷ്യബോധത്തിന് മുകളിൽ താഴിടാറുണ്ട്, അങ്ങനെ അങ്ങനെ എത്ര എത്ര ബസ്സ് യാത്രകളിൽ ആണ് കണ്ടക്ടർ മാരുടെ ഒറ്റ സഹായം കൊണ്ട് മാത്രം എനിക്ക് ലക്ഷ്യസ്ഥാനം കാണാൻ കഴിഞ്ഞിട്ടുള്ളത്...
    യാത്രകൾ ഇഷ്ടപ്പെടുന്ന എനിക്ക് വാഹനങ്ങൾ ഓടിക്കാൻ ഇഷ്ടമില്ലാത്തതിന്റെ കാരണവും എന്റെ ഉറക്കത്തോടുള്ള ഭ്രമം തന്നെയാണ് ഇനി എങ്ങാൻ ഞാൻ ഉറങ്ങിപോയൽ പിന്നെ ഉണരാൻ പറ്റിയില്ലെങ്കിലോ?
        "ഉറങ്ങുമ്പോൾ കാണുന്നതല്ല ഉറക്കം കെടുത്തുന്നതായിരിക്കണം സ്വപ്നങ്ങൾ" എന്നാണല്ലോ മഹത് വചനം....
        എന്നാൽ ഉറങ്ങുമ്പോൾ കണ്ടിരുന്ന ചില സ്വപ്നങ്ങൾ ഒരുപാട് നാൾ എന്റെ ഉറക്കം കെടുത്തിയിരുന്നു. പലപ്പോഴും ഞാൻ കാണുന്ന സ്വപ്നങ്ങൾ യാഥാർഥ്യമാണോ എന്ന് എനിക്ക് തിരിച്ചറിയാൻ കഴിയാറില്ല അത്കൊണ്ട് തന്നെ സ്വപ്നത്തിലെ സംഭവവികാസങ്ങളുടെ അംഗ ചലനങ്ങൾ എന്റെ ശരീരത്തിലും ഉണ്ടാവാറുണ്ട്... ഉദാഹരണത്തിന് സ്വപ്നത്തിൽ നടക്കുന്ന ചില പ്രവർത്തനങ്ങൾ എന്റെ കിടക്കപ്പായ പലപ്പോഴും നനയ്ക്കാറുണ്ട്... സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് എന്റെ പാവം ഉപബോധ മനസ്സിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
        കുട്ടികളായൽ ചിലപ്പോൾ പായയിൽ മൂത്രമൊഴിച്ചു എന്നൊക്കെ വരാം അതിന് അതൊരു അന്താരാഷ്ട്ര പ്രശനം ആക്കെണ്ട ഒരു കാര്യവുമില്ല. അങ്ങനെ ഇരിക്കെവേ ഈ സംഭവം ഒരു പ്രധാന വിഷയമായി മാറിയ ഒരു ദിവസം ഉണ്ടായി.. എന്നിലെ പുരുഷൻ ഉണർന്ന് വരുന്ന കാലം പ്രായം കൃത്യമായി ഓർമ്മയില്ല പക്ഷെ അന്ന് ഞാൻ എട്ടാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് എന്റെ കിടക്കയിൽ അവസാനമായി മൂത്രാഭിഷേകം നടക്കുന്നത്, അതിന്റെ പേരിൽ കളിയാക്കലുകൾ നിറഞ്ഞ ശകാരത്തിന്റെ അമ്പുകൾ അമ്മ എയ്തുകൊണ്ടിരിക്കുമ്പോഴാണ് എന്റെ കഷ്ടകാലത്തിന് ഉറ്റ സുഹൃത്ത് ..സോറി., ഒറ്റുന്ന സുഹൃത്ത് വീട്ടിലോട്ട് കേറി വന്നത്,
        പിന്നീടുള്ള കാര്യം ഞാൻ പ്രത്യേകിച്ചു പറയുന്നില്ല അടുത്ത ഒരു മഹാസംഭവം നടക്കുന്നത് വരെ നാട്ടിൽ എന്റെ മൂത്ര കേസ് തന്നെ ആയിരുന്നു ഒരു സംസാര വിഷയം. 
        എന്തോ പിന്നീട് അങ്ങോട്ട് കുറെ കാലം എല്ലാം മറന്നുള്ള ഉറക്കം ഞാൻ അങ്ങ് നിർത്തി. നാണക്കേട് ഭയന്ന് സ്വപ്നങ്ങളെ ഞാൻ എന്റെ വരുത്തിയിലാക്കി, മൂത്രം ഉറക്കമുണരുന്നത് വരെ പിടിച്ചു നിർത്താനുള്ള കപ്പാസിറ്റി സ്വയം ഉണ്ടാക്കിയെടുത്തു......
       എന്നിരുന്നാലും ഉറക്കം അന്നും ഇന്നും എന്നും എന്റെ വീക്നെസ്സും ഹോബിയുമാണ്.....

കുൽസിത കുമാരൻ

Comments

Popular posts from this blog

മുണ്ട് മാഹാത്മ്യം....

ലിംഗ പുരാണം രണ്ടാം അധ്യായം ( അവസാന ഭാഗം)

ഹംസം..