പൂരം മണക്കുന്ന അടുക്കളകൾ
ഓരോ ആഘോഷങ്ങൾക്കും ഓരോരോ മണങ്ങൾ ആണ് അല്ലെ.. പക്ഷെ പലർക്കും അത് പലരീതിയിൽ ആയിരിക്കും എന്നുമാത്രം. ജമന്തി പൂക്കളുടെ മതിപ്പിക്കുന്ന ഗന്ധമാണ് എന്റെ ഓണത്തിന്.. പൊട്ടിത്തീർന്ന പടക്കങ്ങളുടെ മാസ്മരിക ഗന്ധമാണ് വിഷുവിന്.
ചാണകത്തിന്റെയും ചെമ്പകപൂവിന്റെയും ചെടപൂവിന്റെയും പുകയുന്ന കനൽ കട്ടയുടെയും എണ്ണവിളക്കിന്റെയും മതിപ്പിക്കുന്ന ഗന്ധം ഉയർത്തുന്ന ഭക്തിസാന്ത്രമായ അന്തരീക്ഷമാണ് വടക്കന്റെ പൂരത്തിന്.
ഓ ... തൃശൂർ പൂരം ചിനക്കത്തൂർ പൂരം ഒക്കെ മലയാളികൾക്ക് സുപരിചിതമായിരിക്കും എന്നാൽ ഞാൻ ഇപറഞ്ഞ പൂരം ഈ ഗണത്തിൽ പെടുന്നവയല്ല വളരെവ്യത്യസ്തവും എന്നാൽ സുന്ദരവുമാണ് നമ്മുടെ പൂരം. ചാണകം കൊണ്ട് കാമദേവനെ ഉണ്ടാക്കി വിളക്കും ചിരട്ടയിൽ പുകയുന്ന കനലും വാൽക്കൽ ചെമ്പകപൂവ് വച്ച കിണ്ടി യും ഒരുക്കി വീട്ടിലെ പെണ്കുട്ടികൾ കാമനെ പൂവിട്ട് പൂജിക്കുന്ന മനോഹരമായ ആചാരം ഒന്പതോ അല്ലെങ്കിൽ ഏഴോ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷം അവസാനദിവസം മണ്ണ് കൊണ്ട് കാമനെ ഉണ്ടാക്കി ഉപ്പിടാത്ത കഞ്ഞി പ്ലാവിലയിൽ നേദിക്കുന്ന, ഒട്ടടയുടെയും പൂരടയുടെയും രുചികൾ വിളമ്പുന്ന വടക്കന്റെ സ്വന്തം പൂരം .. വളരെ സങ്കീർണമായ ആചാരങ്ങൾ3കൊണ്ട് സമ്പന്നമാണ് നമ്മുടെ പൂരം.
മെയ് വഴക്കത്തിന്റെ പ്രകടനങ്ങൾ പൂരക്കളിപാടിന്റെ അകമ്പടി യോടെ അരങ്ങിൽ എത്തുന്ന മനോഹര മുഹൂർത്തങ്ങൾ, വാഗ്വാദങ്ങളുയരുന്ന മറത്തുകളി ശീലുകൾ, പൂരത്തെ കുറിച്ചുപറഞ്ഞുതുടങ്ങിയാൽ ഓരോ വടക്കനും വാചാലനാകും തീർച്ച.
ഓണത്തിന് പൂപറിക്കാൻ പോകുന്നത് പോലെ സിമ്പിൾ അല്ല പൂരത്തിന്റെ പൂവ് ശേഖരണം.. എല്ലാ പൂക്കളും കാമനെ പൂജിക്കാൻ നമ്മൾ എടുക്കാറില്ല അതിലും ഉണ്ട് ചില വ്യത്യസ്തകൾ. പെണ്കുട്ടികളാണ് പൂവിടുന്നതെങ്കിലും പൂവ് ശേഖരണത്തിൽ വീട്ടിലുള്ള ആണ്കുട്ടികളും മിടുക്ക് തെളിയിക്കുന്നു.
വൃക്ഷാരാധനയുടെ ഉദാത്ത ഉദാഹരണമാണ് ഈ പൂരം, പ്ലാവിന് ഇത്ര അധികം പ്രാധാന്യം കൽപ്പിക്കുന്ന ബഹുമാനിക്കുന്ന വേറൊരു ആഘോഷം ഇല്ലെന്ന് തന്നെ പറയാം. തുടക്കം മുതൽ ഒടുക്കം വരെ വീട്ടിലെ പൂരഘോഷങ്ങൾക്ക് വീട്ടിലെ പ്ലാവും ഭാഗവാക്കാവുന്നു ദിവസേന ഉള്ള പൂവിടൽ കഴിഞ്ഞുകിണ്ടിയിലെ വെള്ളം പ്ലാചോട്ടിൽ ഒഴിച്ചും അവസാന ദിവസം അത്രയും നാൾ പൂജിച്ച പൂക്കളും കാമ രൂപങ്ങളെയും വീട്ടുകാർ എല്ലാരും ആഘോഷത്തോടെയും ആർപ്പുവിളികളോടെയും പ്ലാവിൻചുവട്ടിലേക്ക് യാത്ര യാക്കുന്നു.. യാത്ര മൊഴിയായി ഒരു പാട്ടും പാടി വിരഹ വേദനയോടെ യാത്ര ആക്കുമ്പോഴും പ്രതീക്ഷയുടെ യും കാത്തിരിപ്പിന്റെയും നാളുകൾ ആണ് അടുത്ത പൂരക്കാലം വരെ ഓരോരുത്തർക്കും.
നേരത്തേ കാലത്തെ വരണേ കാമാ ..
കല്ലിലും മുളളിലും പോകല്ലെ കാമാ ....
തെക്കിൻ ദിക്കിലും പോകലെ കാമാ ..
തെക്കത്തി പെണ്ണുങ്ങൾ ചതിക്ക്വേ കാമാ....
ഉപ്പിട്ട കഞ്ഞികുടിക്കല്ലെ കാമാ...
വടക്കാറ് നാട്ടിലും പോകല്ലെ കാമാ ...
കുഞ്ഞാങ്ങലത്താറാട്ടിനു വരണേ കാമാ ..
കിണറ്റിൻ പടമെലെ വരണേ കാമാ ...
ഇനിയത്തെ കൊല്ലവും ...
നേരത്തേ കാലത്തെ വരണേ കാമാ ....
ഇതാണ് നേരത്തെ പറഞ്ഞ ആ പാട്ട്
ഇതൊക്കെ ആണെങ്കിലും ഞാനടങ്ങുന്ന ഭക്ഷണപ്രിയർ പൂരത്തെ കാത്തിരിക്കുന്നത് പൂരട എന്ന വികാരത്തിന് വേണ്ടി ആയിരിക്കും( പലഹാരങ്ങൾ എന്നും ഒരു വികാരവും വീക്നെസ്സും ആണല്ലോ) ആവിയിൽ വെന്ത് ആവിപറത്തി രസമുകുളങ്ങളെ ഉത്തേചിപ്പിച്ച് വായിൽ ഉമിനീരിന്റെ ഓവർ ഫ്‌ളോ വരുത്താൻ പ്ലാവിലയിൽ വെന്ത ഈ മഹാന് പ്രത്യേക കഴിവുണ്ട്. പൂരത്തിന്റെ അവസാന നാളിൽ ആണ് നമ്മുടെ ഈ കഥാനായകൻ രംഗപ്രവേശം ചെയ്യാറ്.
അങ്ങിനെ പൂരടക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ ഉച്ചതിരിയുമ്പോൾ തന്നെ തുടങ്ങും പ്ലാവിലപറിക്കലും കഴുകലും അരിപൊടിക്കലും തേങ്ങാചിരവലും ശർക്കര പാനി കാച്ചലും ഒക്കെ ആയി ഓരോ അടുക്കളകളും പൂരടയുടെ സങ്കീർണമായ നിറമാണപ്രക്രിയകളിൽ മുഴുകുകയായി .അരിമാവ് കുഴച്ച് ഒരുപ്രത്യേക ഷെയ്പ്പിൽ രൂപപ്പെടുത്തി എടുത്ത് തേങ്ങയും ശർക്കാരപാനിയും ചേർത്ത മിശ്രിതം നിറച്ചു പ്ലാവിലയിൽ പൊതിഞ്ഞ് ആവിയിൽ വേവാൻ ഇഡലി പത്രത്തിൽ ഇട്ട് അടുപ്പത്ത് വേവാൻ വയ്ക്കുന്നത് വരെ ഉള്ള പ്രക്രിയകളിൽ ഞാനും പങ്കാളി ആവാറുണ്ട്. പക്ഷെ അത് അമ്മ ഒറ്റയ്ക്ക് പണി എടുക്കുന്നത് കണ്ടുകൊണ്ടുള്ള സഹതാപം കൊണ്ടൊന്നുമല്ല എത്രയും പെട്ടെന്ന് തയ്യാറായാൽ അത്രയും വേഗത്തിൽ തിന്നാമല്ലോ എന്ന ആക്രാന്തം ഒന്നു കൊണ്ട് മാത്രം..
അട അടുപ്പിൽ കയറിയാൽ പിന്നെ കാത്തിരിപ്പാണ്.... പൂരടയുടെ മാസ്മരിക ഗന്ധം അടുക്കാലവഴി ഒഴുകി ഉമ്മറത്തേയ്ക്കും പിന്നീട് അത് നടവഴികളിലേക്കും പരക്കും. എല്ലാവീടുകളിൽ നിന്നും ഒഴുകിയെത്തുന്ന ഈ സുഗന്ധം അന്തരീക്ഷത്തെ ആകെ മത്ത് പിടിപ്പിക്കും..
അങ്ങിനെ ഒരു പൂരക്കാലത്ത്.. അമ്മ പൂരട അടുപ്പത്ത് നിന്നും ഇറക്കി വച്ച് പുറത്തിറങ്ങിയതും അസഹനീയമായ മണം കാരണം ചൂട് പോലും വകവയ്ക്കാതെ ഒരെണ്ണം എടുത്ത് പ്ലാവില പറിച്ചെറിഞ്ഞു വായിൽ നിറഞ്ഞിരുന്ന കൊതിവെള്ളം കുടിച്ചിറക്കി അടയിൽ ഒരു കടികടിച്ചതും നല്ലവണ്ണം വെന്ത ആ അടയോടോപ്പം നാലുപല്ലുകളും നാവും വെന്ത് പൊള്ളി കിട്ടി...
ആ മതിപ്പിക്കുന്ന ഗന്ധത്തോടും പൂരടയോടുമുള്ള പ്രണയത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് മാത്രമല്ല ഇനി ഒരു ചൂടൻ ഓർമകൾക്കും എന്റെ ആ ആക്രാന്തത്തിന് മുകളിൽ കാരിനിഴൽ വീഴ്ത്താൻ കഴിയുകയുമില്ല...
എന്നും പൂരത്തിന് എന്റെ മനസ്സിൽ അടുക്കളയിൽ നിന്നുയരുന്ന പൂരടയുടെ ഗന്ധമാണ് മതിപ്പിക്കുന്ന മധുരിക്കുന്ന സുഗന്ധം.....
കുൽസിത കുമാരൻ
Comments
Post a Comment