പരിണാമം

ചരിത്രപുസ്തക താളുകളിൽ പണ്ടു സ്കൂളിൽ പഠിച്ച സംഭവങ്ങളെക്കാൾ എത്രയോ സംഭവ ബഹുലമാണ് ഓരോരുത്തരുടെയും സ്കൂൾ ജീവിതം. കഴിഞ്ഞു പോയ ആ സംഭവങ്ങളും ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. ഒരു സിലബസിലും അത് പഠിപ്പിക്കുന്നില്ലെങ്കിൽ പോലും സ്വയം ഒരുപാട് പഠിച്ച അല്ലെങ്കിൽ പഠിപ്പിച്ച നമ്മുടെ സ്വന്തം ചരിത്രം(അനുഭവം ഗുരു എന്നാണല്ലോ)
            കുരുത്തക്കേടുകളുടെ മൊത്ത വിൽപനശാലയാണ് ഓരോരോ വിദ്യാലയങ്ങളും.
            നായകനും നായികയും വില്ലനും വിദൂഷകനും വെറുതെ മുഖം കാണിച്ചു കടന്നുപോകുന്ന  ജൂനിയർ ആര്ടിസ്റ്റുകളും ഉൾകൊള്ളുന്ന ഒരു ബിഗ്ബഡ്ജറ്റ് ചരിത്ര സിനിമാ കഥ പോലെയായിരിക്കും  ഇന്നാലോചിക്കുമ്പോൾ  ആ കാലഘട്ടം .. വ്യക്തികൾ മാറുന്നതിനനുസരിച്ച് നായികാ നായകന്മാരും മാറി മാറി വരും..പ്രണയവിരോധം കൊണ്ടോ എറിഞ്ഞിട്ടും ആരും വീഴാത്തത് കൊണ്ടോ ചിലപ്പോൾ അത് നായകൻ ഇല്ലാത്ത സ്ത്രീ പക്ഷ കഥയോ മറ്റുചിലപ്പോൾ പുരുഷകേന്ദ്രികൃത കഥയോ അതും അല്ലെങ്കിൽ അനുരോഗം ബാധിച്ച കുറെ കോഴികളുടെ കഥയോ ആയിരിക്കും.. എന്നിരുന്നാലും അവരവരുടെ കഥയിൽ അവരവർ തന്നെ ആയിരിക്കും പ്രധാനകഥാപാത്രം... ഹീറോ!!
            കഥയിലെ പ്രധാന സംഭവ വികാസങ്ങളുടെ പരിണിത ഫലം പലപ്പോഴും കൈപ്പേറിയതാണെങ്കിലും ഇന്നത് ഓർമയുടെ ചരിത്ര താളുകളിൽ രചിക്കപ്പെട്ട സിലബസുകൾ ആണ്, ഓർത്ത് ഓർത്ത് ചിരിക്കാവുന്ന പാഠഭാഗങ്ങൾ...
            അന്നൊക്കെ ക്ലാസ്സ് ലീഡർ ആവുക എന്നുള്ളത്  എനിക്ക് നിർബന്ധമുള്ള കാര്യം ആയിരുന്നു.അത്കൊണ്ട് തന്നെ ക്ലാസ്സ്ടീച്ചർ ആരാണ് ഇപ്രാവശ്യത്തെ ലീഡർ എന്ന് ചോദിക്കേണ്ട താമസം എനിക്കുമുമ്പ് റെഡി എന്നുപറഞ്ഞു ആരെങ്കിലും എഴുന്നേറ്റലോ എന്ന് കരുതി ഞാൻ തന്നെ ചാടി എഴുന്നേൽക്കുമായിരുന്നു. സ്വധവേ ഈ അധികാരകസേരയോട് മോഹമില്ലാത്തവരും എന്റെ കൂട്ടുകാരും പിന്തുണക്കുന്നതോടെ ആ അധികാരം ഇലക്ഷനോ മറ്റ് പ്രചാരണപരിപാടികളോ ഇല്ലാതെ എനിക്ക് തന്നെ വന്ന് ചേരും.
            അങ്ങിനെ സംഭവബഹുലമായ ഹൈസ്കൂൾ ജീവിതം കഴിഞ്ഞ് അതേ സ്കൂളിൽ പ്ലസ്സ് വണ്ണിന് കേറിയ കാലം നാട്ടിലെ തന്നെ സ്കൂൾ ആയത് കാരണം പകുതിയിലധികം പേരും അതേ സ്കൂളിൽ നിന്നും പഠിച്ചുവന്ന എന്റെ പഴയ സഹപാഠികൾ തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ കാലാകാലങ്ങളായുള്ള ക്ലാസ് ലീഡർ കീഴ്‌വഴക്കം ഇവിടെയും തെറ്റിയില്ല.. 
            അങ്ങിനെ കഥാഗതിയിൽ പ്രത്യേകിച്ചു മാറ്റങ്ങൾ ഒന്നും ഇല്ലാതെ കഥയുടെ ഫസ്റ്റ് ഹാഫ് പിന്നിട്ട് കൊണ്ടിരിക്കുമ്പോഴാണ് ഇന്റർണൽ മാർക്കിന്‌വേണ്ടിയുള്ള പരീക്ഷകളുടെ കടന്നുവരവ്.  വളരെഭംഗിയായി അടുത്തുള്ളവന്റെ നോക്കിയും ഡെസ്കിനടിയിലും മറ്റ് സ്വകാര്യ ഇടങ്ങളിലും ഒളിപ്പിച്ച തുണ്ട് കടലാസുകൾ നോക്കിയും പരീക്ഷകൾ കടന്നുപോയി.
            പരീക്ഷ എഴുത്തുന്നതിനേക്കാൾ ടെൻഷൻ പരീക്ഷ കഴിഞ്ഞുള്ള ദിവസങ്ങളാണ് (നല്ലോണം പഠിച്ചു പരീക്ഷ എഴുതുന്നവരുടെ കാര്യമല്ല എന്നെ പോലെ സാധാരണക്കാരുടെ കാര്യമാണ്‌. നന്നായി പഠിച്ചു എഴുത്തുന്നവർക്ക് ലഭിക്കുന്ന മാർക്കിനെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കും..പുറത്ത് തോൽക്കും എന്ന ഓസ്കാർ അഭിനയം കാഴ്ച്ചവയ്ക്കും എങ്കിൽ കൂടിയും..) . നമ്മൾ പേടിച്ചിരുന്നത് പോലെ പരീക്ഷകടലാസിലെ മാർക്കുകൾക്കൊപ്പം സൗജന്യമായി വരുന്ന പരിഹാസങ്ങളും വഴക്കുകളും ഉപദേശങ്ങളും ഒക്കെ അവിടെ തീരുന്നുമില്ല...
            ഇതോക്കെ കഴിഞ്ഞിട്ടാണ് യഥാർത്ഥ തലവേദന പൊട്ടിപുറപ്പെടുന്നത്. പാരന്റ്സ് മീറ്റിങ് - ഇവിടെയും ഉണ്ട് പ്രത്യേക വിഭാഗം. കണ്ണിലുണ്ണികൾ അല്ലെങ്കിൽ അധ്യാപകരുടെ ഓമനകൾ അതിലും ഉണ്ട് രണ്ട് വിഭാഗം ഒന്ന് അക്കാദമിക് മികവ്കൊണ്ടോ എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങൾ കൊണ്ടോ സൽസ്വഭാവം കൊണ്ടോ ആ സ്ഥാനത്തെത്തുന്നവർ രണ്ട് തന്മയത്വമായ അഭിനയ മികവും കുരുട്ടുബുദ്ധിയും കൈമുതലാക്കി ചിലകുറുക്കുവഴികളിലൂടെ ആ സ്ഥാനം പിടിച്ചു പറ്റുന്നവർ .. ഇപ്പറഞ്ഞ വിഭാഗത്തിന്റെ ഉത്തമ ഉദാഹരണമാണമായിരുന്ന  വിശ്വാസം എന്ന വാക്കിന്റെ പര്യായമായിരുന്ന ഈ കണ്ണിലുണ്ണി കണ്ണിൻലെ കരടായി മാറിയ ചരിത്ര സംഭവമാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്.
            അങ്ങിനെ പരീക്ഷയൊക്കെ കഴിഞ്ഞ് പേപ്പർ ഒക്കെ കിട്ടിത്തുടങ്ങി. മറ്റുവിഷയങ്ങളിൽ വലിയകുഴപ്പമൊന്നുമില്ലാതെ കടന്നുപോയെങ്കിലും ഇംഗ്ലീഷ് പേപ്പർ തന്നപ്പോൾ കഥ മാറി. മിക്കവാറും എല്ലാവർക്കും മാർക്ക് തീരെ കുറവ്.. വളരെ പ്രതീക്ഷിച്ച ഇംഗ്ലീഷ് ഒട്ടും പ്രതീക്ഷിക്കാത്ത മാർക്കുമായി വന്നത് പലരെയും സങ്കടത്തിൽ ആഴ്ത്തി. പേപ്പർ തന്ന് മറ്റ് ഉപദേശങ്ങളൊന്നും തരാതെ പോവാൻ നേരത്ത് ടീച്ചറുടെ വിശ്വസ്തനായ ക്ലാസ്സ്‌ലീഡറോഡ് അതായത് എന്നോട് ഒരുകാര്യം പറഞ്ഞേല്പിച്ചു..  'എല്ലാവരുടെയും മാർക്ക് എഴുതി വാങ്ങിച്ച് സ്റ്റാഫ് റൂമിൽ കൊണ്ട് തരണം ഞാൻ എഴുതിയെടുക്കാൻ വിട്ടുപോയി.. പെട്ടെന്ന് വേണം പ്രോഗ്രസ് കാർഡിൽ എഴുതാനുള്ളതാണ്..'അതും പറഞ്ഞ് ടീച്ചർ പോയതും മാർക്ക് എഴുതുക എന്ന എന്റെ കർത്തവ്യം വളരെ ഉത്തരവാദിത്തതോടെ ഞാൻ ചെയ്ത് തുടങ്ങി. അപ്പോഴാണ് നല്ലവരായ എന്റെ കൂട്ടുകാർ കഥാഗതി മാറാൻ പോകുന്ന ഐഡിയ യുമായി വന്നത്. 'എന്തായാലും ടീച്ചർ മാർക്കെഴുതിയെടുത്തിട്ടില്ല നമുക്കൊക്കെ മാർക്ക് കുറവുമാണ് കുറച്ചു കൂട്ടിയാൽ ഇന്റർണൽ മാർക്കും കൂടും പേരന്റ്‌സ് മീറ്റിങ് വല്യകുഴപ്പങ്ങൾ കൂടാതെ കടന്ന് പോവുകയും ചെയ്യും..' നല്ലൊരു ഐഡിയ ആണെന്ന് എനിക്കും തോന്നി.. എനിക്കുൾപ്പടെ ആവശ്യപ്പെട്ടവർക്കൊക്കെ പ്രതിഫലം പോലും വാങ്ങാതെ ഞാൻ മാർക്ക് തിരുത്തികൊടുത്തു ടീച്ചറെ ലിസ്റ്റ് ഏല്പിച്ചു. ടീച്ചർക്ക് എന്നോടുള്ള വിശ്വാസം ഞാൻ മുതലെടുത്തു. ഒരുസംശയവും ഇല്ലാതെ ദിവസങ്ങൾ കടന്നുപോയി പേരന്റ്സ് മീറ്റിഗിന്റെ തലേ ദിവസം ബോംബ് പൊട്ടി. മാർക്ക് കൂട്ടി എഴുതുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന ഒറ്റകാരണം കൊണ്ട് മാർക്ക് തിരുത്താൻ കഴിയാതെ പോയ സത്യസന്ധനായ ഒരുത്തൻ സംഭവം ടീച്ചറെ അറിയിച്ചു.
            മാർക്ക് കൂട്ടിയിട്ട എല്ലാവരുടെയും മാർക്കുകൾ മുഴുവനായും വെട്ടികളയുക മാത്രമല്ല പേരന്റ്സ് മീറ്റിംഗിൽ ഈ സംഭവം പ്രധാനവിഷയമാവുകയും ചെയ്തു മാർക്ക് തിരുത്തിയ എന്നെ ടീച്ചേർമാരും അന്ന് കൂടിയ രക്ഷിതാക്കളും ഒക്കെ കൂടി ചോദ്യശരങ്ങളും  ഉപദേശങ്ങളും വഴക്കുകളും ഒക്കെ ആയി മുൾമുനയിൽ നിർത്തി. തൊലിക്കട്ടിയും ഞാൻ മാത്രമല്ലല്ലോ എന്ന ചിന്ത കൊണ്ടും പിടിച്ചുനിന്ന എന്നെ ഞെട്ടിച്ചത്   മാർക്ക് തിരുത്താൻ കൂടെ നിന്ന മഹാന്മാർ പെട്ടെന്ന് നിഷ്കളങ്കരായി കുറ്റം മുഴുവൻ എന്റെ മേലെ ഇട്ടു മാറിനിന്നപ്പോഴാണ്. ഏതായാലും സംഭവത്തിന്റെ ചൂട് കുറച്ചു കാലം എന്നെ തളർത്തി എങ്കിലും ആ ഒരു സംഭവത്തോടെ നല്ലവനായ ഉണ്ണി എന്ന മാസ്ക് ഞാൻ അഴിച്ചു വച്ചു.
            പറഞ്ഞുവന്നത് ചരിത്ര കഥ ആണെങ്കിൽ കൂടിയും ഡാർവിന്റെ പരിണാമസിദ്ധാന്തം തികച്ചും ശരിയല്ല എന്നും അതിന് അപവാദ മായ കുറച് ജീവികൾ ഉണ്ടെന്നും ശാസ്ത്ര ലോകത്തിന് അന്ന് മനസ്സിലായി.
            കുരങ്ങന്മാരിൽനിന്നും പരിണാമം സംഭവിച്ചാണ് മനുഷ്യർ ഉണ്ടായത് എന്നാണല്ലോ.  എന്നാൽ ഈ പഹയന്മാർക്ക് പരിണാമം സംഭവിച്ചത് കുരങ്ങന്മാരിൽനിന്ന് ആവാൻ വഴിയില്ല മറിച്ച് ഓന്തിൽ നിന്നായിരിക്കും തീർച്ച.

            "മാർക്കും തിരുത്തി കൊടുത്തിട്ട് കണകുണ പറയുന്നോഡാ.." എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ല എന്ന ഡിസ്ക്ലയിമറോടുകൂടി ഈകഥ ഇവിടെ അവസാനിക്കുന്നു.

കുൽസിത കുമാരൻ

Comments

Popular posts from this blog

മുണ്ട് മാഹാത്മ്യം....

ലിംഗ പുരാണം രണ്ടാം അധ്യായം ( അവസാന ഭാഗം)

ഹംസം..