ഒരു കള്ള(ൻ) കഥ

ഒരു കള്ള(ൻ) കഥ 
    കല ഒരനുഗ്രഹമാണ് കല മാത്രമല്ല ഏതൊരു കഴിവും അനുഗ്രഹം തന്നെയാണ്. ഓരോരുത്തരും പല വ്യത്യസ്ത കഴിവുകൾകൊണ്ടും അനുഗ്രഹീതരുമാണ്. പക്ഷെ അത് തിരിച്ചറിഞ്ഞ് അതത് മേഖലകളിൽ ശോഭിക്കുന്നവർ ചുരുക്കമാവും.. ആവശ്യത്തിന് പ്രോത്സാഹനം കിട്ടാത്തതോ സമൂഹത്തിന്റെ അവഗണനകളോ ആവാം ഓരോ വ്യക്തിയെയും നിർനാണയാകങ്ങളായ അത്തരം ഒഴിവാക്കൽ തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കുന്നത്. ഇത്തരം അവഗണനകൾ കാരണം എത്രയെത്ര പ്രൊഫഷണലുകളെയാണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. 

      ഇനി എന്താണ് "ശീലം"- കുറച്ചധികം കാലങ്ങളായി നമ്മൾ തുടർന്നുവരുന്ന സ്വഭാവ സവിശേഷതകളെ ശീലം എന്ന് വിളിക്കാം, ഇനി ഈ ശീലങ്ങൾ തന്നെ രണ്ടു വിധത്തിലാണല്ലോ സുശീലവും ദുശീലവും. ചൊട്ടയിലെ ശീലം ചുടലവരെ എന്നായത് കൊണ്ട് തന്നെ ദുശീലങ്ങൾ മുളയിലേ നുള്ളി എറിയുക തന്നെ വേണം. എന്നിരുന്നാലും എത്ര നുള്ളി എറിഞ്ഞാലും ചിലസ്വഭാവങ്ങൾ  വിടാതെ പിന്തുടരും  തരം കിട്ടുമ്പോൾ പുറത്ത് ചാടുകയും ചെയ്യും.
       പറഞ്ഞുവന്നത് കഴിവുകളെ കുറിച്ചാണല്ലോ... ഇനി കാര്യത്തിലേക്ക് കടക്കാം .
       ബി.സി (ബിഫോർ കൊറോണ) 2003  നും 2005 നും ഇടയിൽ ആണെന്നാണ് എന്റെ ഓർമ ഇനിയിപ്പോൾ വർഷം മറന്നാലും സംഭവവും സംഭവവികാസങ്ങളും ചത്താലും മറക്കാൻ പറ്റില്ല.
       മൊറാഴ എ. യു. പി. സ്കൂളിലെ സംഭവബഹുലമായ എൽ. പി, യു. പി കാലം വീട്ടിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രം ദൂരമേ സ്കൂളിലേക്ക് ഉള്ളു. നടക്കാവുന്ന ദൂരം മാത്രം,വാഗൻ ട്രാജഡി ഓർമിപ്പിക്കുമാർ പരക്കം പായുന്ന ഓട്ടോറിക്ഷകൾ സ്കൂൾ വണ്ടി എന്ന പേരിൽ രംഗ പ്രവേശനം ചെയ്തിട്ടില്ലത്ത കാലം, ഹൈടെക് എന്ന പദം പോലും കേട്ടിട്ടില്ലാത്ത ഓട് മേഞ്ഞ ആ സ്‌കൂളിലേക്ക് എന്നെ ഹടാതാകർഷിച്ചത് സ്കൂളോ കൂട്ടുകാരോ ഒന്നും ആയിരുന്നില്ല ബാലൻ നായരുടെ( എഴുപത് കഴിഞ്ഞു മുടി നരച്ച് മെലിഞ്ഞ് നല്ല ഉയരമുള്ള ആ മനുഷ്യനെ വലിപ്പചെറുപ്പം ഇല്ലാതെ എല്ലാവരും ബാലൻ നായരെ.. എന്ന് വിളിച്ചാണ് അഭിസംബോധന ചെയ്യാറ്.) പിടികയിലെ മേശമേൽ നിരന്നിരുന്ന ചില്ലുഭരണിയിൽ നിറഞ്ഞിരിക്കുന്ന തേനുണ്ടയും ചക്കരമുട്ടായിയും ഒയൽചയും - ഇത്യാദി മുട്ടായികളെ മറ്റുപ്രദേശങ്ങളിൽ എന്ത് വിളിക്കും എന്ന് എനിക്ക് അറിയില്ല നമ്മൾ ഇവരെ പൊതുവായി ഇങ്ങിനെ ഒക്കെ ആണ് വിളിക്കാറ്.
       ഈ മുട്ടായികൾ നോക്കി വെള്ളമിറക്കാൻ മാത്രമായിരുന്നു എന്റെ വിധി.. എന്നെ വിശ്വാസമില്ലാത്തത് കൊണ്ടോ അതോ ലഹരിയുടെ പാതയിലേക്ക് പിച്ചവച്ചുതുടങ്ങിയാലോ എന്ന ആശങ്ക കൊണ്ടോ എന്തോ എനിക്ക് വീട്ടില്നിന്ന് ഇത്യാദി മുട്ടായികൾ വാങ്ങാൻ പൈസ തന്നിരുന്നില്ല.. ആവശ്യത്തിന് മിഠായികൾ വീട്ടിൽ അച്ഛൻ സ്റ്റോക് ചെയ്തിരുന്നു.. എന്തൊക്കെ പറഞ്ഞാലും വർണകടലാസിൽ  പൊതിഞ്ഞ ആ പരിഷ്കരി മിഠായികളേക്കാൾ എനിക്ക് ഇഷ്ട്ടം ബാലൻനായരുടെ ചില്ലുഭരണിയിൽ നിറഞ്ഞിരുന്ന നഗ്നരായ മുട്ടായികളോട് ആയിരുന്നു.
        അച്ഛനോട് ചില്ലറ പൈസക്ക് ഒരുപാട്തവണ പല പല രീതിയിലും ചോദിച്ചു നോക്കി തന്നില്ല.. പൂർണനഗ്നരായി ചില്ലുഭരണിയിൽ ഇരുന്ന് വശീകരിക്കുന്ന ആ മുട്ടായികളുടെ രുചി അന്ന് എന്നെ മോഷ്ടിക്കാൻ പ്രേരിപിച്ചു.
         അച്ഛൻ ദിവസവും പോക്കറ്റിൽ അവശേഷിക്കുന്ന ചില്ലറ പൈസകൾ ഇട്ടുവച്ചിരുന്നത് അലമാരയുടെ മുകളിലുള്ള വെളുത്തനിറമുള്ള അടപ്പിലാത്ത വാവട്ടമുള്ള ഒരു പ്ലാസ്റ്റിക്ക് പാട്ടയിൽ ആയിരുന്നു...
         എന്റെ വീട്, എന്റെ അച്ഛൻ, എന്റെ തുണികൾ വച്ചിരിക്കുന്ന എന്റെ അലമാര, അലമാരക്ക് മുകളിലുള്ള പാട്ടയും അതിലുള്ള പണവും പിന്നെ എന്റേത് തന്നെ. തന്നില്ലെങ്കിൽ എന്താ എനിക്ക് എടുക്കാലോ...കുറെ ഉണ്ടല്ലോ അതിൽ അഥവാ എടുത്താലും ദിവസവും അച്ഛൻ ഇടുന്നുണ്ടല്ലോ ആരും അറിയാനും പോകുന്നില്ല.. അങ്ങനെ ദിവസം ചെല്ലുന്തോറും ഒരുരൂപ രണ്ടായി രണ്ട് മൂന്നായി..... അങ്ങനെ അങ്ങനെ.... അച്ഛൻ ഇടുന്നതിലും കൂടുതൽ ഞാൻ എടുത്തു തുടങ്ങിയപ്പോൾ സ്വാഭാവികമായും ആ അക്ഷയപാത്രം കാലിയാവാൻ തുടങ്ങി...
         ആയിടക്കാണ് ചില്ലറ എണ്ണി തിട്ടപ്പെടുത്തി ബസുകാർക്ക് കൊടുക്കാൻ നോക്കുമ്പോഴാണ് ചില്ലറകൾ അപ്രത്യക്ഷമായ വിവരം അറിയുന്നത്... എനിക്കൊന്നും അറിയില്ലെന്ന തന്മയത്വമായ അഭിനയം കാഴ്ച്ച വച്ച് തലനാരിഴയ്ക്ക് ആ മോഷണക്കേസിൽ നിന്നും ഞാൻ തടി ഊരി. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നാണല്ലോ. പക്ഷെ ഒരുനാൾ ഒന്നും കാത്തുനിന്നില്ല പിറ്റെ ദിവസം തന്നെ  കള്ളനെ പിടിച്ചു. അമ്മ അലക്കാൻ ഇട്ട തുണികളിലേക്ക് ഉറുമ്പുകളുടെ മാർച്ച്പാസ്സ് കണ്ടിട്ട് അന്തം വിട്ട അമ്മ അവറ്റകളുടെ ലക്ഷ്യസ്ഥാനം അന്യോഷിക്കാൻ ഓരോ തുണിയുമെടുത്ത് പരിശോധന തുടങ്ങി. യൂണിഫോമിന്റെ പോക്കറ്റിൽ നിന്നും ഉറുമ്പുകൾ പാതിതിന്നഅവസ്ഥയിൽ കണ്ടുകിട്ടിയ ചക്കരമുട്ടായികളിൽനിന്നും ചില്ലറപൈസ പോയ വഴി അമ്മയ്ക്ക് മനസ്സിലായി.
         കുപ്രസിദ്ധ റോബറി കേസ് തെളിയിച്ച ഒരു ഡിറ്റക്ടീവിന്റെ അഭിമാനത്തോടെ സംഭവം അച്ഛന്റെ മുന്നിൽ അവതരിപ്പിച്ചു. പിന്നീട് നടന്ന ശിക്ഷാ നടപടിയിൽ മുറ്റത്തെ പേരമരം വികലാങ്കനാവുകയും പിന്നെ അരയ്ക്ക് താഴെയുള്ള മാംസളമായ പ്രദേശത്ത് ചുവന്ന വരകൾ സൃഷിടിക്കുകയും ചെയ്തിരുന്നു.
        മോഷണം ഒരു കലയാണ് എന്നാണല്ലോ. എന്നിലെ മോഷണ കലാകാരനെ അന്ന് തന്നെ അച്ഛൻ തച്ചുടച്ചു കളഞ്ഞു.
         ചൊട്ടയിലെ ശീലം ചുടലവരെ പോകാൻ സമ്മതിക്കാതെ ഒരു കലാകാരനെയും അവന്റെ തന്മയത്വമായ കഴിവിനെയും അവർ മുളയിലേ നുള്ളിയെറിഞ്ഞു.

കുൽസിത കുമാരൻ

Comments

Popular posts from this blog

മുണ്ട് മാഹാത്മ്യം....

ലിംഗപുരാണം ഒന്നാം അധ്യായം

*അങ്ങനെ ഒരു അവധി കാലത്ത്*