ഒറ്റപ്പെടലുകൾ


ചിലസന്തോഷങ്ങൾ ജീവിതത്തിലേക്ക് കടന്നു വരുന്നത് പ്രതീക്ഷിക്കാതെയാവും എന്നാൽ പോലും പ്രതീക്ഷിക്കാതെ വരുന്ന ആ അതിഥി നമുക്ക് പ്രിയപ്പെട്ടവനാണ്. എന്നാൽ ചില സന്തോഷങ്ങൾ പ്രതീക്ഷിച്ചിരിക്കെ കടന്നു വരാറുമുണ്ട്.ഒരുപാട് സന്തോഷിക്കാൻ വരട്ടെ ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ടെന്ന് പറഞ്ഞപോലെ ഓരോ സന്തോഷങ്ങൾക്കും ഓരോരോ സങ്കടങ്ങളും ഉണ്ടാവും.   ഈ സങ്കടങ്ങൾ ജീവിതത്തിലേക്ക് കടന്നു വരുന്നത് ഏത് വഴി എപ്പഴാണെന്ന് ആർക്കും പ്രവചിക്കാനാവില്ല .. കാലാവസ്ഥ മുന്നറിയിപ്പില്ലാതെ വരുന്ന കൊടുങ്കാറ്റ് പോലെ അത് നമ്മളെ ഒന്ന് പിടിച്ചു കുലുക്കും.
     പിന്നെ ചിലർക്ക് വരുന്ന സന്തോഷങ്ങളും മറ്റുനേട്ടങ്ങളും മറ്റുചിലരെ സങ്കടത്തിൽ ആഴ്ത്താറുണ്ട്. ഇത്തരം ആൾക്കാർ ശാസ്ത്ര ലോകത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കാൻ കഴിയാത്ത മാറാ രോഗത്തിന്റെ പിടിയിലാണ് "ഐബൈറ്റ്ജലസിയാസിസ്" അഥവാ അസൂയ അതുമല്ലെങ്കിൽ കണ്ണുകടി എന്നും ഈ അസുഖത്തിനെ വിളിക്കാം. ഇത്തരം രോഗികൾ നമുക്ക് ചുറ്റും ഉണ്ടാകും പുറമെ ചിരിക്കുന്ന ഇക്കൂട്ടർ മനസ്സിൽ അറഞ്ചം പുറഞ്ചം പ്രാകികൊണ്ടായിരിക്കും ആശംസകൾ അറിയിക്കുന്നത് . ചികിൽസ ഇല്ലാത്ത ഈ രോഗം പിടിപെട്ട ഇവർക്ക് വേണ്ടി നമ്മുടെ പ്രാർത്ഥനകളിൽ ഇവരെയും ഉൾപ്പെടുത്താം എന്നല്ലാതെ നമുക്ക് പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല. 
      ഇനി കാര്യത്തിലേക്ക് പതുക്കെ കടക്കാം, ജീവിതത്തിൽ എപ്പോഴെങ്കിലും തനിച്ചായിപോയി എന്ന് തോന്നിയിട്ടുണ്ടോ?? പലപ്പോഴും എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട് പക്ഷെ അത്തരം ഒറ്റപെടലുകൾ ചിലപ്പോഴൊക്കെ ഒരു അനുഗ്രഹവുമാണ്. പലതും തുറന്നു പറയാനും പങ്ക് വയ്ക്കാനും കൂട്ടുകാരൻ ഉണ്ടാവുക ചേട്ടാണോ ചേച്ചിയോ അനിയനോ അനിയത്തിയോ ഉണ്ടാവുക !! ഇങ്ങനെകൂടെ ഉള്ളവർ പെട്ടെന്ന് ഒരു ദിവസം കൂടെ ഇല്ലാതാവുമ്പോഴാണ് അവരുടെ വില അറിയുന്നതും ഒറ്റപ്പെടലിന്റെ ഭീകരത അനുഭവിക്കുന്നതും. ചിലപ്പോഴൊക്കെ ഒരു തലവേദന ഒഴിഞ്ഞ സുഖവും ആയിരിക്കും അതും ഒരു പച്ച പരമാർത്ഥം.
      എന്നെ സംബന്ധിച്ചിടത്തോളം എന്റെ വീട്ടിലെ ഏക സന്താനമാണ് ഞാൻ( സ്വന്തം വാഴക്കുട്ടി അയ്യോ അല്ല വാവക്കുട്ടി) . കൂടപിറപ്പുകൾ  ഇല്ലാത്തത്തിൽ ചെറിയ വിഷമമുണ്ട് എന്നാലും ഉള്ളതൊന്നും പങ്കുവച്ചു പോവില്ല എന്ന ഒറ്റ കാരണം കൊണ്ട് മാത്രം പലപ്പോഴും ഞാനീ ഏക പുത്ര പദവി ആസ്വദിച്ചിരുന്നു. പക്ഷെ ഈ ഒരു പങ്കുവയ്ക്കായ്ക എന്ന ശീലം പതിയെ പതിയെ എന്നെ ഒരു സെൽഫിഷ് ആക്കുകയായിരുന്നു എന്ന് തിരിച്ചറിയാൻ ഒരുപാട് വൈകി. എന്നിരുന്നാലും ആ സെൽഫിഷ് എന്ന ഷെൽ ഞാൻ ഒരുപരിധി വരെ ഉടച്ചിട്ടുണ്ട് എന്നാണ് ഇപ്പോൾ എന്റെ വിശ്വാസം.(ഒന്നേ ഉള്ളൂ എങ്കിലും ഉലക്കക്ക് അടിച്ചു വളർത്തണം എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കികൊണ്ട്  തന്നെയാണ് എന്നെ വളർത്തികൊണ്ട് വന്നത് എന്ന് ഈ അവസരത്തിൽ പറയാതെ വയ്യ).
             കൂട്ടുകാരുടെ പെങ്ങന്മാരുടെ കല്യാണത്തിന് പോകുമ്പോഴും, കല്യാണം കഴിഞ്ഞുള്ള ആഒരു വികാര നിർഭരമായകരച്ചിലുകളും,സഹോദരങ്ങൾ കൊടുക്കുന്ന സർപ്രൈ‌സ് പിറന്നാൾ അഘോഷങ്ങൾ കാണുമ്പോഴും, പിന്നെ ഇ പറഞ്ഞ കൂട്ടുകാരുടെ വാട്സ്ആപ് സ്റ്റാറ്റസുകളും എന്നെ നിരാശനാക്കിയിട്ടുണ്ട്... നിരാശനല്ല അസൂയാലുവാക്കിയിട്ടുണ്ട്.. ഇ പറഞ്ഞപോലെ കല്യാണം കഴിഞ്ഞു പോകുന്ന പെങ്ങളെ കെട്ടിപിടിച്ചുകരഞ്ഞ് ഇൻസ്റ്റഗ്രാമിൽ റീൽസ് ഇടാനൊ ചുരുങ്ങിയത് ഒരു ടിക് ടോക് ചെയ്യാനോ ആരും ഇല്ലല്ലോ ( ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചത് ഒരുകണക്കിന് നന്നായി).പക്ഷെ ഇ പറഞ്ഞ ഒറ്റപെടൽ എന്നെ വല്ലാണ്ട് അങ്ങ് ബാധിച്ചിരുന്നില്ല, കാരണം മിക്കപ്പോഴും ഞാൻ വല്ല യാത്രയിലും ആയിരിക്കും അതുമല്ലെങ്കിൽ എന്റെ മറ്റു ചില കലാ, കലാപ പ്രവർത്തനങ്ങളും വായിനോട്ടങ്ങളും ചില കുൽസിതപ്രവർത്തനങ്ങളുമായി എപ്പഴും തിരക്കായിരിക്കും. ഇതൊന്നുമല്ലെങ്കിൽ ഉറക്കത്തിനും വിശപ്പിനും അടിമയായ ഞാൻ ഇ രണ്ടു കാര്യങ്ങളിലും മുഴുകിയിരിക്കും.
             പക്ഷെ ഈ ഒറ്റ പെടൽ ഒരു മഹാ സംഭവമായത് കൊറോണയുടെ വരവോട് കൂടിയാണ്. ലോക്കഡൗൺ എന്ന പദം തന്നെ എന്റെ നിഘണ്ടു വിലേക്ക് കൂട്ടിച്ചേർക്കുന്നത് ഈ കൊറോണ സമയത്താണ്. ഒത്തിരി ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും അപ്രതീക്ഷിത അടച്ചിടലിനെ ഞാൻ വരവേറ്റത് ആഘോഷമായി തന്നെ ആയിരുന്നു. നമ്മളിൽ പലരും വിശ്രമ വേളകൾ ആനന്ദകരമാക്കാൻ പലവിധ വിനോദങ്ങളിലും ഏർപെട്ടു എങ്കിലും ലോക്ക്ഡൗൺ പല അമ്മമാർക്കും ജോലികളുമായുള്ള മാരത്തോൺ ഓട്ടമായിരുന്നു (എന്റെ വീട്ടിലെയും സ്ഥിതി മറിച്ചായിരുന്നില്ല).
             വിശ്രമവേളകൾ ആനന്ദകരമാക്കാൻ ഓൺലൈൻ സൗഹൃദങ്ങൾ പരസ്പരം മത്സരിച്ച് ലൂടോയും മാറ്റുമായി കുറേ ദിവസം അങ്ങിനെ പോയി. ഫോണിൽ ആപ്പുകളുടെ എണ്ണവും കൂടി കൂടി വന്നു.കൂട്ടത്തിൽ സൗഹൃദങ്ങൾ തേടി ഞാൻ ടിന്ററിലും കേറിയിരുന്നു(സൗഹൃദങ്ങൾക്ക് വേണ്ടി മാത്രം). ലോകഡൗൺ തുടങ്ങിയപ്പോൾ മുതൽ ഫുൾഓൺ എനർജിയിൽ ആയിരുന്ന വാട്സാപ് ഗ്രൂപ്പുകൾ ലോകഡൗൺ നീണ്ടു നീണ്ടു പോയതോടെ പതിയെ പതിയെ സുഷുപ്തിയിലാണ്ടു. മെസേജുകൾ കുറഞ്ഞു ,കണ്ടു തീർക്കാൻ സിനിമകൾ പോലും ഇല്ലെന്നായി. ആരും മെസേജയക്കാനൊ വിളിക്കാനോ ഇല്ലാതെ ഈ വലിയ വീട്ടിലെ മുകളിലെ നിലയിലെ ഈ ചെറിയ മുറിയിൽ ആ രാത്രി ഞാൻ വല്ലാതെ ഒറ്റപെട്ടത് പോലെ തോന്നി.ഇങ്ങിനെ പോയാൽ നാളെ രാവിലെയാകുമ്പോഴെക്കും എനിക്ക് വിഷാദരോഗം (ഡിപ്രഷൻ) പിടിപെടുമെന്ന അവസ്‌ഥയായി. പിന്നെ ഒന്നും നോക്കിയില്ല ശട പടെ ന്ന് മുഖപുസ്തകത്തിന്റെ തളുകൾ  തുറന്ന് സ്റ്റാറ്റസ് സിംഗിൾ എന്നത് എൻഗേജഡ് എന്നാക്കി കുറച്ചു പേരെങ്കിലും റിപ്ലേ തരാതിരിക്കില്ലല്ലോ. പക്ഷെ രാവിലെ ആയപ്പോഴേക്കും സംഭവത്തിന്റെ ഗതി മാറിയിരുന്നു. കൺഗ്രാജുലെഷൻസ്, ആശംസകൾ, നമ്മളെഒന്നും അറിയിച്ചില്ല ല്ലേ, എപ്പഴാ കല്യാണം അങ്ങിനെ പത്തു നൂറ് കമെന്റുകൾ അതും പണ്ടെങ്ങോ സ്കൂൾ വരാന്തയിൽ കണ്ടു എന്ന ഒറ്റ പരിചയം മാത്രമുള്ള വെറും ഫേസ്ബുക് ഫ്രണ്ട്സ് പോലും കമന്റ്‌ ഇട്ടിരിക്കുന്നു. പോരാത്തതിന് വാട്സപ് മുഴുവൻ അറിയിക്കാത്തതിലുള്ള പരാതികളും ഉറങ്ങി എഴുന്നേറ്റത് മുതൽ കോള്കളുടെ പെരുമഴ നിനക്കും പെണ്ണ് കിട്ടിയോന്നുള്ള ക്ലേഷേ ചോദ്യങ്ങളും. ഇവനും പെണ്ണ് കിട്ടിയല്ലോ എന്നുള്ള അസൂയ കലർന്ന സങ്കടവും ചിലരുടെ മെസേജുകളിൽ നിഴലിചിരുന്നു(നേരത്തെ പറഞ്ഞില്ലേ മറ്റുള്ളവർക്ക് ഉണ്ടാവുന്ന നല്ല കാര്യങ്ങളിൽ പുറമെ ചിരിച്ചു അകത്ത്‌ അസൂയ ഉള്ള "ഐബൈറ്റ്ജലസിയാസിസ്" രോഗികൾ ആക്കൂട്ടർ )ഒരുവിധം എന്നെ വിളിക്കുന്നവരോടും മറ്റും ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി സംഭവം തമാശ മൂഡിൽ പോകുന്ന നേരത്താണ് അടുക്കളവശത്ത് നിന്ന് അമ്മയുടെയും ഡൈനിംഗ് റൂമിൽ നിന്ന് അച്ഛന്റെയും ഫോൺ റിങ് ചെയ്യുന്നത് നൂറുകൂട്ടം പണികൾക്കിടയിൽ മകന്റെ എൻഗേജ്മെന്റ് കാര്യം  പാവങ്ങൾ അറിഞ്ഞില്ല. വിവരം അറിഞ്ഞ് അച്ഛനും അമ്മയും ഞെട്ടി . കുറച്ചുനിമിഷങ്ങൾക്കകം സംഭവം കൈവിട്ടു പോയിരുന്നു അച്ഛനും അമ്മയ്ക്കും വരുന്ന ഫോൺ കോളുകളുടെ എണ്ണം കൂടി ലോക്ക് ഡൗൺ ആയത് കൊണ്ട് ആരെയും അറിയിക്കാതെ എൻഗേജ്മെന്റ് നടത്തി എന്നും പറഞ്ഞു വളരെ അടുത്ത അകന്ന ബന്ധുമിത്രാതികൾക്ക് പരാതിയും പരിഭവവുമായി . കൂട്ടുകാരൊക്കെ വിളിച്ച് ഒരു വാക്ക് പറയായിരുന്നില്ലേ ന്ന് ചോദിച്ചു പിണങ്ങി . സംഭവത്തിന്റെ പോക്ക് ഭീകരമാകുന്നതിന് മുൻപ് ഞാൻ വീണ്ടും സിംഗിൾ സ്റ്റാറ്റസ് ആക്കി മറ്റി എങ്കിലും. സംഭവത്തിന്റെ ഓളങ്ങൾ ദിവസങ്ങളോളം നീണ്ടു നിന്നു . ഈ സംഭത്തിൽ വല്ലാതെ ചൂടായിരിക്കുന്ന അച്ഛനെയും അമ്മയെയും കാര്യങ്ങൾ പറഞ്ഞു  തണുപ്പിക്കാൻ ഞാൻ ഏറെ പണിപെട്ടു. വിളിക്കാനും മെസേജ് അയക്കാനും ആരും ഇല്ല എന്നത് എന്റെ മാത്രം പ്രശ്നമായിരുന്നു എങ്കിലും ഈ ഒരു സംഭവം കാരണം ശെരിക്കും ബിസി ആയത് അച്ഛനും അമ്മയുമായിരുന്നു.


കുൽസിത കുമാരൻ

Comments

  1. നന്നായി എഴുതി. കൂടുത്തൽ വായിക്കാൻ കാത്തിരിക്കുന്നൂ

    ReplyDelete

Post a Comment

Popular posts from this blog

മുണ്ട് മാഹാത്മ്യം....

ലിംഗപുരാണം ഒന്നാം അധ്യായം

*അങ്ങനെ ഒരു അവധി കാലത്ത്*