പ്രഹസനം

* പ്രഹസനം 🤪
ആകെ ഒരുവർഷത്തിൽ മുന്നൂറ്ററുപത്തിയഞ്ച് ദിവസങ്ങളാണുള്ളത്. ജനുവരി ഒന്ന് മുതൽ ഡിസംബർ മുപ്പത്തിയൊന്ന് വരെ. ഓരോ ദിവസവും ഓരോരോ വിഷയങ്ങൾക്കും വേണ്ടി റിസേർവ്വ് ചെയ്ത് വച്ചിട്ടുമുണ്ട്. 
        ഒരു പ്രായം വരെ ഞാൻ ഒരുപാട് ഇഷ്ടപെട്ടിരുന്നതും എന്നാലിപ്പൊ തീരെ ഇഷ്ടമില്ലാത്തതുമായ  ഒരു ദിവസമുണ്ട് , പത്തിരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് എനിക്ക് വേണ്ടി റിസർവ്വ് ചെയ്യപ്പെട്ട മെയ് 24 എന്ന ദിവസം. ഒരു കാലത്ത് ആ ദിവസത്തിൽ വരവ് ആയിരുന്നു അധികമെങ്കിൽ  ഇന്ന് അതിന്റെ ഒരു പത്തിരട്ടിയെങ്കിലും ചിലവാകുന്നുണ്ട്. അർദ്ധരാത്രി 12 മുതൽ വരുന്ന ആശംസകൾ - എസ് എം എസ് രൂപത്തിൽ  അയക്കുന്നവയുടെ ശല്യം നോട്ടിഫിക്കേഷൻ ഓഫ്‌ ആക്കിയാൽ തീരും എന്നാൽ ഉറക്കം കെടുത്തിക്കൊണ്ട് വരുന്ന ഫോൺകോളുകൾ അസഹ്യമാണ്.
 ആ.. പിന്നെ.. അന്നെ ദിവസം ആരുടെയും  വാട്സാപ് സ്റ്റാറ്റസ് നോക്കാനും പോകരുത് കാണാൻ ഭംഗിയുള്ള വശങ്ങളിലോട്ട് മാത്രം ചരിഞ്ഞ് നിന്ന് ഒരു പ്രത്യേക ആങ്കിളിൽ മാത്രം എടുക്കുന്ന നമ്മളുടെ സൗന്ദര്യമുള്ള ഫോട്ടോകൾ മാത്രമായിരിക്കും സ്വന്തം ഗാലറികളിൽ ഉണ്ടായിരിക്കുക എന്നാൽ അന്നെ ദിവസം സ്റ്റാറ്റസുകളിൽ നിറയുക വിരൂപവും  അരോചകവും ഭാവം പോലും നിർണിയിക്കാൻ പറ്റാത്ത തരത്തിലുള്ളതുമായ ഫോട്ടോകളോ, അതോ  വർഷങ്ങൾക്ക് മുൻപെടുത്ത് ഫേസ്ബുക്കിൽ അപ്‌ലോട് ചെയ്ത ഫോട്ടോകളോ ആയിരിക്കും. സ്റ്റാറ്റസ്സുകൾ പോലെ തന്നെ ആണ് ഫാമിലി ഗ്രൂപ്പുകളും പിറന്നപടി എടുത്ത പഴയ കുറേ ഫോട്ടകൾക്കൊപ്പം 'മേമയുടെ പുന്നാര മോന്... വല്ല്യച്ഛന്റെ അപ്പൂസിന്...' തുടങ്ങിയ ക്യാപ്ഷനുകൾക്കൊപ്പം വാരുന്ന ആശംസകളുടെ ബഹളമായിരിക്കും (Nb: ഈപറഞ്ഞ ആശംസകളൊക്കെ സമ്മാനരൂപത്തിലോ ഗൂഗിൾപേ വഴി പോക്കറ്റ്മണി രൂപത്തിലോ ആവുന്നതിൽ എനിക്ക് എതിർപ്പില്ല എന്ന് ഈ അവസരത്തിൽ അറിയിച്ചു കൊള്ളട്ടെ) 
           ഇപ്പോ പറഞ്ഞത് പിറന്നാളുകളുടെ കാര്യമാണ് എന്നാൽ പ്രഹസനങ്ങളുടെ വേറിട്ട മുഖം കാണണമെങ്കിൽ അമ്മമാർക്ക് വേണ്ടി മാറ്റിവായ്ക്കപ്പെട്ട മദർസ്ഡേയോ  അച്ഛന്മാർക്ക് വേണ്ടി മാറ്റിവയ്ക്കപ്പെട്ട ഫാദർസ്ഡേയൊ.. അങ്ങിനെ ഏതെങ്കിലുമൊക്കെ ദിവസം വരണം..! ഫേസ്ബുക്ക്പോസ്റ്റിലും ഇൻസ്റ്റഗ്രാംസ്റ്റോറിയിലും വാട്സാപ്പ് സ്റ്റാറ്റസ്സുകളിലും എന്തിന് ട്വിറ്റർ ട്വീറ്റുകൾ പോലും മാതൃ പിതൃ സ്നേഹം കൊണ്ട് നിറയും. മിക്കവാറും ഈ സോഷ്യൽമീഡിയ പ്രഹസനക്കാരുടെ കയ്യിൽ അച്ഛന്റെയോ അമ്മയുടെയോ ഒപ്പമുള്ള ഒരെ ഒരു സെൽഫി ഈ ഒരു ദിവസം പോസ്റ്ചെയ്യാൻ എടുത്തത് മാത്രം ആയിരിക്കും...! വാലന്റൈൻസ്ഡേ പ്രഹസനങ്ങളെ കുറിച്ചു പ്രത്യേകിച്ചു പറയുന്നില്ല....
           പറഞ്ഞു വരുമ്പോൾ നിങ്ങൾ കരുതും ഞാൻ അത്തരക്കാരനല്ല എന്ന് ... എന്നാൽ പ്രഹസിക്കുന്ന കാര്യത്തിൽ ഞാനും ഒട്ടും മോശമല്ല എന്ന നഗ്ന സത്യം നിങ്ങൾ തിരിച്ചറിയാൻ പോകുന്നതല്ലെയുള്ളൂ.
           "റിസർവ്വ്‌ ചെയ്ത് വച്ച ഇത്തരം ദിവസങ്ങളിൽ മാത്രം തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ" എന്ന സോഷ്യൽ മീഡിയ തത്വശാസ്ത്രത്തെ ആണ് ഞാൻ പലപ്പോഴും പിന്തുടരാറ്..!
           മാർച്ച്‌ 8 ലോക വനിതാദിനം..... പലരും വനിതകളെയും ആദരിച്ചും അനുമോദിച്ചും ജീവിതത്തിൽ സ്വാധീനിച്ച വനിതകളെ കുറിച്ച് ഘോര ഘോരം ഫേസ്ബുക് പോസ്റ്റുകളിട്ടും, 'ഞാൻ കണ്ട ധീര വനിത, പ്രപഞ്ചത്തിലെ പോരാളി' ഹാഷ്ടാഗുകൾക്കൊപ്പം അമ്മയുമൊത്തുള്ള സെൽഫികൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തും, എന്തിന് വനിതാദിനത്തിൽ വൈറൽ പോസ്റ്റിടാൻ വീട്ടിൽ അമ്മൂമ്മമാർ ഇല്ലാത്തതിനാൽ തൊട്ടടുത്ത വീട്ടിലെ അമ്മൂമ്മയുമൊത്ത് ഫോട്ടോ എടുത്ത് പോസ്റ്റ് ഇട്ടും ആഘോഷിക്കുമ്പോൾ കൂട്ടത്തിൽ നിന്ന് വ്യത്യസ്ഥാനാവാൻ ഞാൻ കാണിച്ച പണി പാളിപോയതിന്റെ ആഫ്റ്റർ എഫക്ട്ടിൽ ക്ഷീണിതനായിരുന്നു ഞാൻ. സോഷ്യൽ മീഡിയ തരംഗമാവാൻ ഗംഭീര പ്ലാനുകൾ അല്ല പ്രഹസനങ്ങൾ പ്ലാൻ ചെയ്തെങ്കിലും ഹാപ്പി വുമൺസ് ഡേ എന്ന ഒരു സ്റ്റാറ്റസ് പോലും ഇടാൻ കഴിയാഞ്ഞതിന്റെ സങ്കടത്തിലാണ് ഞാൻ. 
           രാവിലെ എഴുന്നേറ്റ് അടുക്കളപണികളിലും മറ്റും അമ്മയെ സഹായിക്കുന്നു, ചെറിയ റീൽസ് വീഡിയോ എടുക്കുന്നു, 'ധീരവനിത' 'പ്രപഞ്ചത്തിലെ പോരാളി' ഹാഷ്ടാഗുകൾക്കൊപ്പം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നു , പലരും share ചെയ്യുന്നു, ഞാൻ വൈറൽ ആവുന്നു, ക്ലബ്ബ് എഫ് എമ്മിൽ ഒരു ഇന്റർവ്യൂ ....ആഹാ ! അങ്ങിനെ ഓരോരോ സ്വപ്നങ്ങൾ കണ്ട് കൊണ്ട് രാവിലെ തന്നെ കുളിച്ചൊരുങ്ങി അടുക്കളയിൽ കേറി ചായ ഉണ്ടാക്കുക എന്ന കർമ്മം ഭംഗിയായി നിർവഹിച്ചു ചായ ആട്ടുന്നതിന്റെ ഒരു ഷോട്ട് വീഡിയോ യും എടുത്തു.. അടുത്ത പണി ദോശ... അമ്മ അരച്ച് മിക്സിയുടെ ജാറിൽ വച്ചിരുന്ന ദോശ മാവ് വീഡിയോയ്ക്ക് ഒരു പഞ്ച് കിട്ടാൻ വീണ്ടും എടുത്ത് മിക്സിയിൽ വച്ചു അടുത്ത് തന്നെ ഫോണും ഓൺ ആക്കി വച്ചു മുഖത്ത് നല്ലൊരു എക്സ്പ്രെഷനും കൊടുത്ത് ഒറ്റ കറക്കൽ വീഡിയോ എടുക്കാനുള്ള ആക്രാന്തത്തിൽ ജാറിന്റെ അടപ്പ് ലോക്ക് ചെയ്യാൻ മറന്നു. നേരത്തെ തന്നെ വെണ്ണ പോലെ അരഞ്ഞ് നല്ല പരുവത്തിലിരികുന്ന മാവ് ആകാശത്ത് അമിട്ട് പൊട്ടിയത് പോലെ അടുക്കള മുഴുവൻ തെറിച്ചു. ഒന്നൊഴിയാതെ അമ്മ കഴുകി വച്ചിരുന്ന മുഴുവൽ പാത്രങ്ങളിലും ചുമരിലും നിലത്തും തിരിഞ്ഞിരുന്ന് തേങ്ങ ചിരവുന്ന പ്രപഞ്ചത്തിലെ പോരാളിയുടെ പുറത്തും കാർകൂന്തലിലും ഒക്കെ തെറിച്ചു...
           പിന്നീട്‌ അവിടെ എന്ത് നടന്നു എന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ ....? പോത്ത് പോലെ വളർന്നത് കൊണ്ട് തല്ലിയില്ല. പക്ഷെ വഴക്കിനെക്കാൾ എത്രയോ ഭേദം നാലു തല്ലാണെന്ന് ഞാൻ അപ്പോ മനസ്സിലാക്കി... അങ്ങിനെ പ്രാതൽ മുടങ്ങിയ വിഷമത്തിൽ ഒരുപാട് പ്രാകലുകളും ഞാനേറ്റുവാങ്ങേണ്ടിവന്നു..
           അടുക്കള വൃത്തിയാക്കുന്ന തിരക്കിലും വഴക്കുകളുടെ ഹാങ്ങ്‌ ഓവറിലും അന്ന് ഒരു പോസ്റ്റിടാൻ പോയിട്ട് ആ ഫോണിലോട്ട് ഒന്ന് നോക്കാൻ പോലും കഴിഞ്ഞില്ല.... സാരമില്ല വിശേഷദിവസങ്ങൾ മലവെള്ളം പോലെ കിടക്കുവല്ലേ ല്ലേ പ്രഹസനങ്ങൾക്ക് വേണ്ടി...... 
                 -കുൽസിത കുമാരൻ-

Comments

Popular posts from this blog

മുണ്ട് മാഹാത്മ്യം....

ലിംഗപുരാണം ഒന്നാം അധ്യായം

*അങ്ങനെ ഒരു അവധി കാലത്ത്*